വടകരയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് പരിക്കേറ്റു
1591283
Saturday, September 13, 2025 5:20 AM IST
വടകര: ദേശീയപാതയില്‍ ചോറോട് കൈനാട്ടിയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ സ്ത്രീയുടെ കൈക്കുമുകളിലൂടെ ബസ് കയറിയിറങ്ങി. കുറ്റ്യാടി കുമ്പളച്ചോലയിലെ കുന്നത്തുണ്ടയില്‍ നളിനിക്കാണ് (48) പരിക്കേറ്റത്.
വടകര ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ എത്തിച്ച ഇവരെ സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോടേക്ക് കൊണ്ടുപോയി. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ രമ്യഹോട്ടലിനു സമീപമാണ് അപകടം.
തലശേരിയില്‍ നിന്ന് വടകരക്കു വരുന്ന സ്വകാര്യ ബസാണ് ബൈക്കില്‍ ഇടിച്ചത്. ബൈക്ക് യാത്രക്കാരായ ഇരുവരും ബസിനടിയില്‍പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. വടകര പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം താറുമാറായി.