കല്ലുത്താൻകടവിൽ പച്ചക്കറി മാർക്കറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
1591275
Saturday, September 13, 2025 5:16 AM IST
മാർക്കറ്റ് നിർമാണം മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാവും
കോഴിക്കോട്: കല്ലുത്താൻകടവിൽ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമായി നിർമിച്ച വിൽപന കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു. പാളയത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റാണ് ഒരു വിഭാഗം വ്യാപാരികളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ഇങ്ങോട്ട് മാറ്റാന്‍ ഒരുങ്ങുന്നത്.പച്ചക്കറി മാർക്കറ്റ് നിർമാണം മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാവും.
വയറിംഗ് പ്രവൃത്തി അവസാന ഘട്ടത്തിലാണ്. നിലമൊരുക്കൽ, സാനിറ്ററി സജ്ജീകരിക്കൽ എന്നിവ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും. കല്ലുത്താൻ കടവ് കോളനി നിവാസികൾക്കായി ഫ്ലാറ്റും സ്ഥലപരിമിതിയിൽ പ്രവർത്തിക്കുന്ന പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റി നിർമിക്കാനുമുള്ള പദ്ധതി 2005ലാണ് കോർപറേഷൻ ആവിഷ്കരിച്ചത്.
കാഡ്കോ (കല്ലുത്താൻ കടവ് ഏരിയ ഡെവലപ്പ്മെന്റ് കന്പനി)യുമായി സഹകരിച്ചുള്ള പദ്ധതിയ്ക്ക് 2009 ൽ കല്ലിട്ടുവെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങൾ കാലതാമസമുണ്ടാക്കി. 100 കോടി രൂപയുടെ പദ്ധതിയിൽ കാഡ്കോയാണ് ഫ്ലാറ്റ് നിർമിച്ചത്. ഇത് 2019 ൽ തുറന്നുനൽകി. മുപ്പത്തഞ്ചര വർഷത്തേക്ക് പഴം–പച്ചക്കറി മാർക്കറ്റിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പ് ചുമതലയും കാഡ്കോയ്ക്കാണ്. വർഷം നിശ്ചിത ഫീസ് കോർപറേഷന് നൽകണം.
അഞ്ചര ഏക്കറിൽ ആറ് കെട്ടിടങ്ങളിലായാണ് മാർക്കറ്റും അനുബന്ധസംവിധാനങ്ങളും വരുന്നത്. 3.29 ഏക്കർ സ്ഥലമാണ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ളത്. 25 കോടിയോളം മുടക്കി ഏറ്റെടുത്ത 1.78 ഏക്കർ സ്ഥലം കഴിഞ്ഞ വർഷം കോർപറേഷൻ കൈമാറി. കെട്ടിടങ്ങളിൽ താഴെ നിലയിലാണ് പച്ചക്കറി മാർക്കറ്റ്. ശീതീകരണ സംവിധാനം, വിശ്രമ കേന്ദ്രം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്.
അതേസമയം പാളയത്തെ പച്ചക്കറിമാര്‍ക്കറ്റ് ഇവിടേക്ക് മാറ്റുന്നതിനെതിരേ വ്യാപാരികള്‍ പ്രതിഷേധത്തിലാണ്. വില്പന കുത്തനെ കുറയുമെന്നും ആളുകള്‍ക്ക് കല്ലുത്താന്‍ കടവിലേക്ക് എത്തുന്നതിന് ബുദ്ധിമുട്ടേറെയുമാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. പുതിയ മാർക്കറ്റിൽ 300 ലധികം കടമുറികളാണുള്ളത്.
പാളയത്ത് കോർപറേഷൻ വാടക കെട്ടിടങ്ങളിലെ 153 കച്ചവടക്കാരെയാണ് ഇങ്ങോട്ട് മാറ്റുക. ഇതിന്റെ വാടക കോർപറേഷനാണ്നിശ്ചയിക്കുക. ഇതിന് പുറമെ 40 ഉന്തുവണ്ടിക്കാരും 80 തട്ടുകച്ചവടം ചെയ്യുന്നവരുമുണ്ട്. ഓപ്പൺ മാർക്കറ്റിൽ ഈ വിഭാഗത്തിനെല്ലാം സൗകര്യമുണ്ട്. മറ്റ് കെട്ടിടങ്ങളിലുള്ളവർക്കും ഇവിടെ കച്ചവട മുറികൾ കിട്ടും.
162 സെന്റിലാണ്പാളയം മാർക്കറ്റ് പ്രവർത്തിക്കുന്നത്. 50 ഉം 60ഉം ചതുരശ്രഅടി വീസ്തീർണത്തിലുള്ള കടമുറികളുണ്ട്. കല്ലുത്താൻ കടവിൽ അഞ്ചര ഏക്കറിൽ ഒരു കടമുറിക്ക് കുറഞ്ഞത് 100 ചതുരശ്രഅടി വിസ്തീർണമുണ്ട്. താഴെ നിലയിലാണ് പഴം– പച്ചക്കറി മാർക്കറ്റ്. മുകളിൽ മറ്റ് ബിസിനസ് ആവശ്യങ്ങൾക്ക് മുറി നൽകും. 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.