മലയോര ഹൈവേ നിർമാണ കേസ്: ഒക്ടോബർ എട്ടിലേക്ക് മാറ്റി
1591280
Saturday, September 13, 2025 5:16 AM IST
ചക്കിട്ടപാറ: ചെമ്പ്ര മുതൽ പെരുവണ്ണാമൂഴി വരെയുള്ള മലയോര ഹൈവേ നിർമാണത്തിനു വേണ്ടി റോഡിന്റെ വീതി നിർണയിച്ചത് ശരിയായ രീതിയിലല്ലെന്ന് കാണിച്ച് ചില കെട്ടിട ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്റും, ബിജെപിയും ഹൈക്കോടതിയിൽ നൽകിയ കേസ് പരിഗണിക്കാനായി ഒക്ടോബർ എട്ടിലേക്ക് മാറ്റി.
റോഡ് വികസനത്തിനു് 1971 ൽ ഭൂവുടമകളിൽ നിന്നും സ്ഥലം സർക്കാർ വില കൊടുത്ത് വാങ്ങിയിരുന്നു. 1975 ലെ സർവേ സ്കെച്ച് പ്രകാരം ചെമ്പ്ര മുതൽ പെരുവണ്ണാമൂഴി വരെയുള്ള റോഡിന് 12 മീറ്റർ മുതൽ 16 മീറ്റർ വരെ വീതിയുണ്ട്.
എന്നാൽ നിലവിലെ റോഡ് കഴിച്ച് ബാക്കിയുള്ളതെല്ലാം പലരും കയ്യേറുകയും ബിൽഡിംഗ് പണിയുകയും സ്വന്തമാക്കുകയും ചെയ്തു. മലയോര ഹൈവേ പ്രവർത്തനങ്ങൾക്കായി നിലവിലെ റോഡിന്റെ നടുവിൽ നിന്നും ഇരു സൈഡിലേക്കും ആറ് മീറ്റർ വീതം വീതി കണക്കാക്കി പണി തുടങ്ങാൻ മലയോര ഹൈവെ അഥോറിറ്റിക്ക് ആരാണ് അധികാരം നൽകിയത് എന്നാണ് ഹർജിക്കാരുടെ പ്രധാന ചോദ്യം.
1975 ലെ റോഡ് സ്കെച്ചും പ്ലാനും നില നിൽക്കെ കയ്യേറ്റക്കാരെ സംരക്ഷിച്ചു കൊണ്ടുള്ള നിർമാണങ്ങൾ ആർക്കു വേണ്ടിയാണെന്നും ഇവർ ചോദിക്കുന്നു. താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ കൃത്യമായ അളവ് നടക്കുകയാണെങ്കിൽ നിലവിൽ ധൃതിപ്പെട്ട് നടത്തിയ റോഡ് നിർമാണത്തിലെ പല ഭാഗങ്ങളും പൊളിച്ച് മാറ്റേണ്ടി വരുന്ന സ്ഥിതിയാണ്.
തലയാട് - 27 മൈൽ റോഡിൽ വർഷങ്ങൾക്ക് മുമ്പ് അക്വയർ ചെയ്ത പോലെ തന്നെയാണ് ചെമ്പ്ര - പെരുവണ്ണാമൂഴി റോഡ് വികസനത്തിന് സ്ഥലങ്ങൾ സർക്കാർ വില നൽകി ഏറ്റെടുത്തത്. ഇപ്പോൾ ഇവിടെ നടക്കുന്ന മലയോര ഹൈവേ നിർമാണം നിയമ ലംഘനത്തിലൂടെയാണെന്നു രേഖകളുടെ അടിസ്ഥാനത്തിൽ കേസ് നൽകിയവർ വാദിക്കുന്നു.
കോടതിയെ സമീപിച്ചവരുടെ ഭൂമിയിൽ മലയോര ഹൈവെ പ്രവൃത്തികൾ പാടില്ലായെന്ന ഹൈക്കോടതിയുടെ താത്കാലിക ഉത്തരവാണ് ഒക്ടോബർ എട്ട് വരെ വീണ്ടും നീട്ടിയിരിക്കുന്നത്. അഡ്വ. സുമിൻ എസ്. നെടുങ്ങാടനാണ് കേസിൽ ഹൈ കോടതിയിൽ ഹാജരായത്.