കായികവിനോദം ലഹരിയാക്കി പഠനസമ്മര്‍ദം കുറയ്ക്കാം: സ്നേഹില്‍ കുമാര്‍ സിംഗ്
1591271
Saturday, September 13, 2025 5:16 AM IST
പാറോപ്പടി: വിദ്യാഥികളില്‍ പഠനസമ്മര്‍ദം കുറയ്ക്കാന്‍ കായികവിനോദങ്ങള്‍ ലഹരിയാക്കണമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഐഎഎസ് അഭിപ്രായപ്പെട്ടു. സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കൻഡറി വിദ്യാലയത്തിലെ 17-ാമത് സില്‍വര്‍ ഹില്‍സ് ട്രോഫി സൗത്ത് ഇന്ത്യാ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായികരംഗത്തെ ആരോഗ്യകരമായ മത്സരം വിദ്യാര്‍ത്ഥികളെ മികച്ച പൗരന്മാരാക്കി വളര്‍ത്തിയെടുക്കാനും ലഹരിയുടെ നീരാളിപിടുത്തത്തില്‍ നിന്നും അകറ്റി നിര്‍ത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒളിമ്പ്യന്‍ വി. മുഹമ്മദ് അജ്മല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തി.
സില്‍വര്‍ ഹില്‍സ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. അഗസ്റ്റിന് കെ. മാത്യു സിഎംഐ അധ്യക്ഷത വഹിച്ചു. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.സി. ആന്റണി അനുമോദന പ്രഭാഷണം നടത്തി. സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കളപ്പുരയില്‍ സിഎംഐ, കെബിഎ ജോയിന്റ് സെക്രട്ടറി ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
സ്കൂള്‍ ജനറല്‍ ക്യാപ്റ്റന്‍ വിഘ്നേഷ് ശിവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പുഞ്ചയില്‍ സിഎംഐ, സ്കൂള്‍ കോര്‍ഡിനേറ്റര്‍ പി.കെ. ശശിലാല്‍, ബാസ്കറ്റ്ബോള്‍ തീം സോംഗ് രചിച്ച ചെല്ലേത്ത് റോഷന് ജോണ്‍ എന്നിവര്‍ സന്നിഹിതരായി. പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ മണ്ണാറത്തറ സിഎംഐ, പിടിഎ ജോയിന്റ് സെക്രട്ടറി ടി. ശ്രീലക്ഷ്മി, സ്കൂള്‍ സ്പീക്കര്‍ പി. ശ്രാവണ എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലെ മികച്ച 27 ടീമുകള്‍ പങ്കെടുക്കുന്ന ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട്, ഡോണ്‍ ബോസ്കോ എച്ച്എസ്എസ് ഇരിങ്ങാലക്കുടയെ (72-20) പരാജയപ്പെടുത്തി.
മിനി ബോയ്സ് വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ്, മോണിംഗ് സ്റ്റാര്‍ ഗൂഡല്ലൂരിനെ പരാജയപ്പെടുത്തി ( 34-27). മറ്റൊരു മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിയോ 13 എച്ച്എസ്എസ് ആലപ്പുഴ ആതിഥേയരായ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് ബി ടീമിനെ പരാജയപ്പെടുത്തി (52-43).