യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച പ്രതി പിടിയിൽ
1591281
Saturday, September 13, 2025 5:20 AM IST
വടകര: അഴിയൂര്‍ കോറോത്ത് റോഡില്‍ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചവരില്‍ ഒരാള്‍ പിടിയില്‍. കോറോത്ത് റോഡ് ആശാരിത്താഴക്കുനി അന്‍ജിത്തിനെയാണ് (25) ചേമ്പാല എസ്ഐ ബി. മഹേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് സംഭവം. മാഹിയില്‍ പോയി മദ്യപിക്കുന്നതിനായി ബൈക്ക് കൊടുക്കാതിരുന്ന പരാതിക്കാരനെ ഇരുമ്പു കട്ടയും ഇരുമ്പു പൈപ്പും അടക്കമുള്ള മാരകായുധങ്ങളുമായി പ്രതികളായ അന്‍ജിത്തും മുഹമ്മദ് അലി റിഹാനും വഴിയില്‍ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു.
തലയ്ക്കും കാലിനും ഗുരുതരമായി പരിക്ക് പറ്റിയ പരാതിക്കാരന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സ തേടി. കാലിലെ എല്ല് പൊട്ടിയതിനാല്‍ ശസ്ത്രക്രിയ നടത്തി ചികിത്സ ചെയ്തു വരികയാണ്.
സംഭവ ശേഷം ആന്ധ്രപ്രദേശിലേക്ക് കടന്ന പ്രതികളില്‍ അന്‍ജിത്ത് വീട്ടില്‍ തിരിച്ചെത്തിയതായി രഹസ്യ വിവരം കിട്ടിയ ചോമ്പാല പോലീസ് ഇന്‍സ്പക്ടര്‍ എസ്.ആര്. സേതുനാഥിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് സംഘം പുലര്‍ച്ചെ വീടുവളഞ്ഞ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. രണ്ടാം പ്രതി ഒളിവിലാണ്.