പിഎംജെവികെ സ്കീമിന് കീഴിലെ പദ്ധതികളുടെ അവലോകനം നടത്തി
1458810
Friday, October 4, 2024 4:33 AM IST
കോഴിക്കോട്: പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെവികെ) സ്കീമിന് കീഴിൽ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ അവലോകനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ നടത്തി.
വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട ശിലാസ്ഥാപനം നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി യോഗം വിലയിരുത്തി. 83.08 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതിയിൽ കെട്ടിട നിർമാണം, മെക്കാനിക്കൽ, ഇലക്ട്രിഫിക്കേഷൻ, പബ്ലിക് ഹെൽത്ത് എൻജിനീയറിംഗ്, ഇന്റീരിയർ-എക്സ്റ്റീരിയർ, ഫർണിഷിംഗ് തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടും.
വടകര ജില്ലാ ആശുപത്രി പഴയ കെട്ടിടത്തിലെ പൊളിച്ചു മാറ്റാൻ സാധിക്കുന്ന ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. വടകര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ ഹാളും സ്റ്റം ലാബും ഉദ്ഘാടനത്തിന് തയാറായി. 19.88 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
വടകരയിലെ കുടുംബാരോഗ്യ കേന്ദ്രം പുനരുദ്ധാരണ പ്രവൃത്തി (52.47 ലക്ഷം ചെലവ്), വടകര പണി കോട്ടിയിലെ കുടുംബാരോഗ്യകേന്ദ്രം പുനരുദ്ധാരണം (11.92 ലക്ഷം ചെലവ്) എന്നീ പദ്ധതികൾ അടുത്ത മാർച്ച് 31 ഓടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യോഗത്തിൽ സബ് കളക്ടർ ഹർഷിൽ ആർ. മീണ,
ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോജക്റ്റ് മാനേജർ ഡോ. സി.കെ. ഷാജി, സീനിയർ ഫിനാൻസ് ഓഫീസർ കെ.പി. മനോജൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.