മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സംഗമം എട്ടിന്
1458247
Wednesday, October 2, 2024 4:49 AM IST
കോഴിക്കോട്: മാഫിയകളെ സംരക്ഷിക്കുകയും ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നും തൃശൂര്‍ പൂരം കലക്കിയതിനെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് മുതലക്കുളം മൈതാനിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം അന്ന് തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തും നടക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായാണ് ജില്ലയിലും പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയില്‍ യുഡിഎഫ് സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് ജില്ലാ ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടേയും നിയോജക മണ്ഡലം ചെയര്മാന്, കണ്‍വീനര്‍മാരുടേയും യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
കെപിസിസി സെക്രട്ടറി അഡ്വ. പി.എം.നിയാസ് ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചു. ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി ഇന്ന് നിയോജക മണ്ഡലംതല യോഗങ്ങളും നാലിന് പഞ്ചായത്ത്തല കണ്‍വന്‍ഷനുകളും ആറിന് വാര്‍ഡ് കണ്‍വന്‍ഷനുകളും ചേരും. മുഴുവന്‍ അങ്ങാടികളിലും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും.
യോഗത്തിൽ ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, അഡ്വ. കെ ജയന്ത്, കെ.എ.ഖാദര്‍, എന്‍.സുബ്രഹ്മണ്യന്, യു.സി.രാമന്, കെ.എം. ഉമ്മര്‍, സത്യന് കടിയങ്ങാട്, പി.എം.ജോര്‍ജ്, ജയരാജ് മൂടാടി, എന്‍.സി.അബൂബക്കര്‍, വി.എം.ചന്ദ്രന്, രാംദാസ് വേങ്ങേരി, മനോജ് കാരന്തൂര്‍, മുഹമ്മദ് ഹസ്സന്, കെ.വി. കൃഷ്ണന്, ഷറില്‍ ബാബു, ശ്രീധരന്, മഠത്തില്‍ അബ്ദുറഹിമാന് എന്നിവർ സംസാരിച്ചു.