ചുരം ബൈപാസ് റോഡ് നിർദ്ദിഷ്ട പാത ഉദ്യോഗസ്ഥർ സന്ദർശിച്ചു
1451336
Saturday, September 7, 2024 4:41 AM IST
താമരശേരി: താമരശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദ്ദിഷ്ട ചുരം ബൈപസ് (ചിപ്പിലിത്തോട് -മരുതിലാവ്- തളിപ്പുഴ) റോഡ് കടന്ന് പോകുന്ന സ്ഥലം എംഎല്‍എമാരായ ലിന്റോ ജോസഫിന്റെയും ടി.സിദ്ധിഖിന്റെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.
നിർദ്ദിഷ്ട ബൈപാസ് ആരംഭിക്കുന്ന കോഴിക്കോട് ജില്ലയുടെ ഭാഗമായ ചിപ്പിലിത്തോട് മുതൽ വയനാട് ജില്ലാ അതിർത്തി വരെ ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആദ്യം സന്ദർശനം നടത്തി.
പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഉദ്യോഗസ്ഥസംഘം ജനപ്രതിനിധികളുമായി ചർച്ച ചെയ്തു. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചാത്തുകളുടെ ഭാഗത്തുനിന്നും ലഭ്യമാക്കേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നിർദ്ദേശം നൽകി. പാത അവസാനിക്കുന്ന വയനാട് ജില്ലയുടെ ഭാഗമായ തളിപ്പുഴയിൽ ടി. സിദ്ധിഖ് എംഎല്‍എയും വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷിന്റെയും നേതൃത്വത്തിലും ഉദ്യോഗസ്ഥസംഘം സന്ദർശനം നടത്തി.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജിയണൽ ഓഫീസർ ബി.ടി. ശ്രീധര, ദേശീയപാത റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജീനീയര്‍ കെ. വിനയരാജ് ,അസി. എക്സിക്യൂട്ടീവ് എന്‍ജീനീയര്‍ കെ. ജിൽജിത്ത്, അസി. എന്‍ജീനീയര്‍ സലീം എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ് മുന്നീസ ഷരീഫ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ വി.കെ. ഹുസൈൻ കുട്ടി, ടി.ആർ. ഓമനക്കുട്ടൻ, കെ.സി. വേലായുധൻ, ഗിരീഷ്തേവള്ളി, ജോണി പാറ്റാനി, റെജി ജോസഫ്, വി.കെ. അഷ്റഫ്, റാഷി താമരശേരി, ജസ്റ്റിൻ ജോസഫ്, സൈദ് തളിപ്പുഴ, അഷ്റഫ് വൈത്തിരി, വി.കെ. മൊയ്തു മുട്ടായി, ഷാജഹാൻ തളിപ്പുഴ, സി.സി. തോമസ്, പി.കെ. സുകുമാരൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.