ഇരുചക്ര വാഹനങ്ങളുടെ പേടി സ്വപ്നമായി പട്ടാണിപ്പാറ റോഡ്
1444244
Monday, August 12, 2024 4:56 AM IST
പന്തിരിക്കര: പൂഴിത്തോട്- പെരുവണ്ണാമൂഴി- കടിയങ്ങാട് റോഡിന്റെ പട്ടാണിപ്പാറ ഭാഗം മാസങ്ങളായി തകർന്നു കിടക്കുന്നത് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. പൊതുമരാമത്ത് കുറ്റ്യാടി എഇ ഓഫീസിന്റെ പരിധിയിൽ പെടുന്നതാണിത്. 50 മീറ്റർ ഭാഗമാണ് തകർന്നു കിടക്കുന്നത്. ബാക്കി ഇരു ഭാഗവും ടാർ ചെയ്ത നല്ല റോഡാണ്.
ഇതിനിടയിൽ പൈപ്പ് സ്ഥാപിച്ച ജല അഥോറിറ്റിയാണ് റോഡ് നന്നാക്കേണ്ടത്. ഇവരുടെ ആവശ്യം കഴിഞ്ഞെങ്കിലും റോഡ് നേരെയാക്കാൻ തയാറായിട്ടില്ല. പിഡബ്ല്യുഡിക്കാർ പല തവണ കത്തു നൽകിയെങ്കിലും ജല അഥോറിറ്റി അവഗണിക്കുകയാണ്. മഴ കനത്തതോടെ റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
നല്ല റോഡിലൂടെ ഇരുഭാഗത്തുനിന്നും പാഞ്ഞു വരുന്ന വാഹനങ്ങൾ കുഴികളിൽ ചാടി കഷ്ടപ്പെടുകയാണ്. ഇതിൽ ഇരുചക്ര വാഹന യാത്രക്കാരുടെ സ്ഥിതി പരിതാപകരമാണ്.