നിലന്പൂരിൽ വികസനയാത്രയെ പരിഹസിച്ച് തൃണമൂൽ കോണ്ഗ്രസ്
1599369
Monday, October 13, 2025 6:07 AM IST
നിലന്പൂർ:എൽഡിഎഫ് വികസന യാത്രക്കെതിരെ തൃണമൂൽ കോണ്ഗ്രസ് രംഗത്ത്. അഞ്ച് വർഷം നിലന്പൂർ നഗരസഭയുടെ ഭരണത്തിന് നേതൃത്വം നൽകിയ ചെയർമാനെ മാറ്റി നിർത്തിയുള്ള വികസനയാത്ര ജനങ്ങളെ ഭയന്നാണെന്ന് തൃണമൂൽ കോണ്ഗ്രസ് സംസ്ഥാന സമിതി അംഗവും നഗരസഭാ കൗണ്സിലറുമായ ഇസ്മായിൽ എരഞ്ഞിക്കൽ നിലന്പൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുന്റെ ഫോട്ടോ വയ്ക്കാതെ കോണ്ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ട പോലെയാണ് ജനങ്ങളെ ഭയന്ന് നഗരസഭ ചെയർമാനെ ഒഴിവാക്കി എൽഡിഎഫ് വികസനയാത്ര നടത്തുന്നത്. നിലന്പൂർ നഗരസഭയുടെ വികസനയാത്ര നയിക്കുന്നത് ചേക്കാട് സ്വദേശിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ.പത്മാക്ഷനാണ്. എൽഡിഎഫ് വികസനയാത്രയാണെങ്കിൽ ചെയർമാൻ മാട്ടുമ്മൽ സലീം എൽഡിഎഫിൽ അല്ലേയെന്നും ഇസ്മായിൽ ചോദിച്ചു.
2020 ലെ എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ പ്രധാന വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയില്ല. അധികാരത്തിൽ വന്നാൽ മൂന്ന് മാസം കൊണ്ട് ചന്തക്കുന്ന് ബസ് സ്റ്റാൻഡ് നിർമാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഞ്ച് വർഷമായിട്ടും തുടങ്ങിയില്ല. ഡിപിആറിന്റെ 26 ലക്ഷം രൂപ ബില്ല് മാറ്റിയെടുത്തിട്ടുണ്ട്. എന്നാൽ നിർമാണം ആരംഭിച്ചിട്ടില്ല. സ്വന്തം പോക്കറ്റ് വികസിച്ചതല്ലാതെ പ്രകടനപത്രികയിൽ പറഞ്ഞ പ്രധാന കാര്യങ്ങളൊന്നും നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
കുറ്റികുരുമുളക്, ചൂരക്കുളം തുടങ്ങി എല്ലാ പദ്ധതികളിലും അഴിമതിയാണ് നടന്നത്. അഞ്ച് വർഷം ഭരണം നയിച്ച ചെയർമാനെ മുന്നിൽ നിർത്തി വികസനയാത്ര നയിക്കാൻ കഴിയാത്ത ഗതികേടിലായ എൽഡിഎഫിന്റെ വികസനയാത്ര പുച്ഛത്തോടെയാണ് ജനങ്ങൾ നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥലമില്ലാത്തവർക്ക് മുതുകാടുള്ള നഗരസഭയുടെ സ്ഥലത്ത് ഫ്ളാറ്റ് സമുച്ചയം നിർമിക്കുമെന്ന് പറഞ്ഞിരുന്നു.
ഓട്ടിസം പാർക്ക്, മാലിന്യ സംസ്കരണ കേന്ദ്രം എന്നിവ എന്തുകൊണ്ട് യാഥാർഥ്യമാക്ക യില്ലെന്നും ഇസ്മായിൽ എരഞ്ഞിക്കൽ ചോദിച്ചു.
നഗരസഭ തെരഞ്ഞെടുപ്പിൽ 36 ഡിവിഷനിലും തൃണമൂൽ കോണ്ഗ്രസ് മത്സരിക്കും. ഇരുമുന്നണികളിലെയും അസംതൃപ്തരായ ആളുകളെ ഒരു കുടക്കീഴിൽ അണിനിരത്തുമെന്നും ഇസ്മായിൽ എരഞ്ഞിക്കൽ പറഞ്ഞു.
എൽഡിഎഫ് വികസനയാത്രയുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി തൃണമൂൽ കോണ്ഗ്രസ് നഗരസഭയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ തൃണമൂൽ കോണ്ഗ്രസ് മുനിസിപ്പൽ കോ ഓർഡിനേറ്റർ ഷാജഹാൻ പാത്തിപ്പാറ, യുവജന വിഭാഗം കോ ഓർഡിനേറ്റർ ഇ.ടി. അനൂപ് എന്നിവർ പങ്കെടുത്തു.