പുഴയിൽ മദ്യപിച്ച് മുങ്ങി; നാട്ടുകാരെ വലച്ച് അക്കരെ പൊങ്ങി
1599095
Sunday, October 12, 2025 5:23 AM IST
കാളികാവ്: ചെത്തുകടവിൽ രണ്ടുപേർ മദ്യപിച്ച് സംസാരിച്ചിരിക്കുന്നതിനിടെ ഒരാൾ പുഴയിലിറങ്ങി അപ്രത്യക്ഷനായി. കാണാതായ ആൾക്കായി ഒരു മണിക്കൂറോളം നാട്ടുകാരും പോലീസും തെരച്ചിൽ നടത്തിയെങ്കിലും ഒടുവിൽ കാണാതായ ആൾ മറുകരയിലൂടെ ജംഗ്ഷനിലെത്തി ഓട്ടോയിൽ കയറി വീട്ടിലേക്ക് പോയെന്ന് വിവരം ലഭിച്ചു.
കരുവാരകുണ്ട് കേരള സ്വദേശികളായ രണ്ടുപേരാണ് പുഴയോരത്ത് ഏറെ നേരമിരുന്ന് മദ്യപിച്ചത്. ഇതിൽ ഒരാൾ ചെരിപ്പും വസ്ത്രവും അഴിച്ചുവച്ച് പുഴയിലിറങ്ങി. രണ്ടാമൻ വിലക്കിയെങ്കിലും കൂട്ടാക്കിയില്ല.
തുടർന്ന് പുഴയിലിറങ്ങിയ ആളെ കാണാനില്ലെന്ന് രണ്ടാമൻ നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ ഇറങ്ങിയ ആൾ മറുകരയെത്തി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് തിരിച്ചത്.