വനഭൂമിയിലെ മരം കടപുഴകി വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു
1599090
Sunday, October 12, 2025 5:23 AM IST
നിലന്പൂർ: കനത്ത മഴയിലും കാറ്റിലും വനഭൂമിയിലെ മരം കടപുഴകി വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വീട്ടിൽ കിടന്നുറങ്ങിയവർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിലന്പൂർ നഗരസഭയിലെ വള്ളിയംന്പാടം പുത്തൻപുരയ്ക്കൽ പി.വി.തോമസിന്റെയും മഹാളി മുഹമ്മദിന്റെയും വീടുകളാണ് ഭാഗികമായി തകർന്നത്. ഇന്നലെ പുലർച്ചെ അഞ്ചിനാണ് സംഭവം.
വീടുകൾക്ക് സമീപത്തെ വനഭൂമിയിലെ വലിയ പാഴ്മരമാണ് കടപുഴകി തൊട്ടടുത്ത വൈദ്യുത കന്പികൾക്ക് മുകളിലൂടെ വീടുകളിൽ പതിച്ചത്. വീട്ടിലുള്ളവർ വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മരം വീടിന് മുകളിൽ വീണുകിടക്കുന്നത് കണ്ടത്. ഓടുകളും കഴുക്കോലുകളും ഉൾപ്പെടെ തകർന്നിട്ടുണ്ട്. ഉടൻ വിവരം അറിയിച്ചതിനാൽ കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
പി.വി.തോമസിന്റെ വീടിന്റെ ഒരു ഭാഗം കോണ്‍ക്രീറ്റും പകുതി ഓടുമാണ്. ഓടിട്ട ഭാഗത്താണ് കൂടുതൽ തകരാർ സംഭവിച്ചത്. മുഹമ്മദിന്റെ ഓടിട്ട വീടിനും കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. പനയംകോട് വനമേഖലയിൽപ്പെട്ടതും കെഎഫ്ആർഐയുടെ നിയന്ത്രണത്തിലുള്ളതുമായ വനഭാഗമാണ് വീടുകളുടെ സമീപത്തുള്ളത്. ഇവിടെ നിരവധി വലിയ മരങ്ങൾ ഉണങ്ങി വീടുകളിലേക്കും റോഡുകളിലേക്കും നിലംപൊത്താറായ അവസ്ഥയിൽ നിൽക്കുന്നുണ്ട്.
ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഉണങ്ങി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കാൻ വനംവകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഈ വിഷയം ഉന്നയിച്ച് ഇന്നലെ നാട്ടുകാർ നിലന്പൂർ നോർത്ത് ഡിഎഫ്ഒയ്ക്ക് പരാതി നൽകി. പനയംകോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ്, കെഎഫ്ആർഐ അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. വീടിന് മുകളിലേക്ക് വീണ മരം മുറിച്ചുനീക്കാൻ നിർദേശം നൽകിയതോടെ അപകടം ഒഴിവാക്കിയിട്ടുണ്ട്.