സിപിഎമ്മിന്റെ നിർദേശത്തിൽ പോലീസ് പ്രവർത്തിച്ചാൽ തിരിച്ചടിക്കും: പി. അബ്ദുൾ ഹമീദ് എംഎൽഎ
1599091
Sunday, October 12, 2025 5:23 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ (ഡിഎസ്യു) തെരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ സംഘർഷത്തിന്റെ പേരിൽ യുഡിഎസ്എഫുകാർക്കെതിരേ സിപിഎം നിർദേശ പ്രകാരം കേസെടുത്താൽ പ്രത്യഘാതം ഗുരുതരമാകുമെന്ന് പി. അബ്ദുൾ ഹമീദ് എംഎൽഎ.
യൂണിവേഴ്സിറ്റി കാന്പസിലുണ്ടായ സംഘർഷത്തിലും ഷാഫി പറന്പിൽ എംപിയ്ക്ക് മർദനമേറ്റതിലും പ്രതിഷേധിച്ച് യുഡിഎഫ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസ്, പാർട്ടി ഗുണ്ടകളുടെ പണിയാണ് എടുക്കുന്നത്. സിപിഎമ്മിന്റെ ക്വട്ടേഷൻ ടീമായാണ് പോലീസ് പെരുമാറുന്നത്. പോലീസ് സിപിഎമ്മായാൽ യുഡിഎഫ് അതേ നാണയത്തിൽ തിരിച്ചടിക്കും.
ഡിഎസ്യു തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ വീണ്ടും നടത്തണം. പാർട്ടി നിർദേശ പ്രകാരമാണ് പോലീസ് പ്രവർത്തിക്കുന്നത്. ജനാധിപത്യരീതിയിൽ ഡിഎസ്യു തെരഞ്ഞെടുപ്പ് നടത്താൻ സർവകലാശാല അധികൃതർ തയാറാകണം. നീതിപൂർവമായും ജനാധിപത്യപരവുമായും തെരഞ്ഞെടുപ്പ് നടത്തിയാൽ എസ്എഫ്ഐ സംസ്ഥാനത്ത് ഒരിടത്തും വിജയിക്കില്ല.
പേരാന്പ്ര കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് അതിന് ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയിൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ബാലറ്റ് പേപ്പറുകൾ കെട്ടുകണക്കിന് ഉദ്യോഗസ്ഥർ തന്നെ കൊണ്ടുവന്നുവച്ചു. ഇതുചോദ്യം ചെയ്ത യുഡിഎസ്എഫുകാരെ പോലീസ് സഹായത്തോടെ വളഞ്ഞിട്ട് മർദിച്ചു. ഹോസ്റ്റലിൽ റെയ്ഡ് നടത്തിയാൽ ഞെട്ടും. ആധുധപുരയാണത്.
യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം കഴിഞ്ഞ് പോയവർ വരെ അവിടെ അനധികൃതമായി താമസിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. എ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ഖാദർ, കെ.പി. അമീർ, ഡോ.വി.പി. അബ്ദുൾ ഹമീദ്, ഗഫൂർ പള്ളിക്കൽ, കെ.പി. മുസ്തഫ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.