കേസെടുക്കണം: സിപിഎം
1599361
Monday, October 13, 2025 6:07 AM IST
മലപ്പുറം: കലിക്കട്ട് സർവകലാശാലാ ഡിഎസ് യു തെരഞ്ഞെടുപ്പിനിടെ എംഎസ്എഫ് -കെഎസ് യു ആക്രമണത്തിൽ പോലീസുകാരന്റെ കണ്ണിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
യുഡിഎസ്എഫ് പ്രവർത്തകരുടെ ആക്രമണത്തിൽ പാണ്ടിക്കാട് ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ വിനോദ് ചന്ദ്രന് കാഴ്ച തകരാർ സംഭവിച്ചിരിക്കുകയാണ്. കാന്പസിന്റെ പുറത്തുനിന്നെത്തിയ യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ക്രിമിനൽ സംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് സിപിഎം ആരോപിച്ചു.
എസ്എഫ്ഐയുടെ കൗണ്ടിംഗ് ഏജന്റായ ഷിഫാനയ്ക്കും ഡിഎസ്യു പ്രസിഡന്റ് ഡോ. വി.എ. ഷഹാനയ്ക്കും നിരവധി വിദ്യാർഥികൾക്കും 15 പോലീസുകാർക്കും പരിക്കേറ്റു. പുറത്തുനിന്നെത്തിയ യൂത്ത് ലീഗുകാരുടെ കല്ലേറിലാണ് കൂടുതൽ പേർക്കും പരിക്കേറ്റതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
സർവകലാശാലയെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.