കൊളത്തൂരില്‍ വന്‍ ലഹരി വേട്ട; മൂന്ന് പേര് പിടിയില്‍
1496020
Friday, January 17, 2025 5:13 AM IST
കൊളത്തൂര്‍: കൊളത്തൂര്‍ പോലീസിന്റെ ലഹരി വേട്ടയില്‍ പിടികൂടിയത് എട്ട് ലക്ഷത്തോളം രൂപ വില കണക്കാക്കുന്ന പാന്‍മസാല ഉത്പന്നങ്ങള്‍. 15 ചാക്കുകളിലായി സൂക്ഷിച്ച പതിനയ്യായിരത്തോളം ഹാന്‍സ്, കൂള്‍ ലിപ് പാക്കറ്റുകളാണ് പിടിച്ചെടുത്തത്. മംഗളൂരുവില്‍നിന്ന് ഉള്ളിയുമായി വരുന്ന ലോറിയിലാണ് ലഹരി ഉത്പന്നങ്ങള്‍ ചാക്കുകളിലാക്കി ഒളിച്ചുകടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പടപ്പറമ്പ് സ്വദേശി അബൂസ്വാലിഹ്(38), വടക്കേമണ്ണ സ്വദേശി മൊയ്തീന് (52), കോഡൂര്‍ സ്വദേശി ശിഹാബുദീന് (40) എന്നിവരാണ് പിടിയിലായത്. കൊളത്തൂര്‍ സിഐ സംഗീത് പുനത്തിലിന്റെ നിര്‍ദേശപ്രകാരം പോലീസ് കടുങ്ങപുരം സ്കൂള്‍പടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘത്തിലെ പ്രതിയായ അബൂസ്വാലിഹ് പിടിയിലായത്. ലഹരി ഉത്പന്നങ്ങളുടെ പാക്കറ്റുകള്‍ ഇരുചക്രവാഹനത്തില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെ ഇയാള്‍ പിടിയിലാവുകയായിരുന്നു.
ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് 15 ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ്, കൂള്‍ ലിപ് അടങ്ങിയ ലഹരി ഉത്പന്നങ്ങളുടെ ശേഖരം കണ്ടെത്തിയത്. ചട്ടിപ്പറമ്പ്മലപ്പുറം റോഡില്‍ ചാഞ്ഞാലിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പന നടത്താനായി ബംഗളുരൂവില്‍ നിന്ന് പച്ചക്കറിയുമായി വരുന്ന വാഹനത്തില്‍ എത്തിച്ചതായിരുന്നു ഇവ.
വിപണയില്‍ എട്ട് ലക്ഷത്തോളം വിലവരുന്ന പാന്‍മസാല ഉത്പന്ന രേഖരമാണ് ലഹരി വേട്ടയില്‍ പിടികൂടിയത്. എസ്ഐമാരായ അശ്വതി, രാജേഷ്, രാജന്, എ.എസ്. ജോര്‍ജ് സെബാസ്റ്റ്യന്‍, പോലീസുകാരായ ജയന്, വിബിന്, അഭിജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.