ബ്രൗണ്‍ ഷുഗര്‍ കടത്ത്: നാല് പ്രതികള്‍ക്ക് 20 വര്‍ഷം വീതം കഠിന തടവ്
1495736
Thursday, January 16, 2025 5:43 AM IST
മഞ്ചേരി: മാരക മയക്കുമരുന്നായ ബ്രൗണ്‍ ഷുഗര്‍ കടത്തിയതിന് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികള്‍ക്ക് മഞ്ചേരി എന്‍ഡിപിഎസ് കോടതി 20 വര്‍ഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
കൊണ്ടോട്ടി കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ പി. ജംഷാദ് അലി (35), കോഴിക്കോട് മായനാട് വെള്ളിപ്പറമ്പിലെ കമ്മനപ്പറമ്പ് നജ്മു സാക്കിബ് (35), ഓമാനൂര്‍ പറമ്പന്‍ കുന്നന് വീട്ടില്‍ അബ്ദുൾ ലത്തീഫ് (45), കൊണ്ടോട്ടി തൈതോട്ടം പട്ടയില്‍ സജീര്‍ (31) എന്നിവരെയാണ് ജഡജ് എം.പി. ജയരാജ് ശിക്ഷിച്ചത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2022 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ 1.25ന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ വച്ച് സബ് ഇന്‍സ്പെക്ടര്‍ കെ. നൗഫല്‍ ആണ് ജംഷാദ് അലിയെയും നജ്മു സാക്കിബിനെയും പിടികൂടുന്നത്.
ഇവരില്‍ നിന്ന് 450 ഗ്രാം ബ്രൗണ്‍ ഷുഗറും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള വിമാന ടിക്കറ്റും മയക്കുമരുന്ന് വാങ്ങുന്നതിനാവശ്യമായ പണവും നല്‍കിയത് അബ്ദുള്‍ ലത്തീഫും സജീറും ആണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍മാരായ പ്രമോദ്, മനോജ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 68 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കി.
എസ്ഐ സുരേഷ് ബാബുവായിരുന്നു പ്രോസിക്യൂസിക്യൂഷന് അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍. എന്‍ഡിപിഎസ് ആക്ടിലെ രണ്ടു വകുപ്പുകളിലായാണ് ശിക്ഷ. ഇരു വകുപ്പുകളിലും 10 വര്‍ഷം വീതം കഠിന തടവ് ഒരു ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.
ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ രണ്ടാം പ്രതി വിചാരണക്ക് ഹാജരായെങ്കിലും വിധി വരുന്നതിന് മുമ്പേ മുങ്ങി. ഇയാള്‍ക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചു. അവശേഷിക്കുന്നവരെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.