ജില്ലാ ആശുപത്രിയിലെ മോഡുലാര്‍ ശസ്ത്രക്രിയ വിഭാഗം ഇന്ന് മുതല്‍ സജ്ജമാകും
1460317
Thursday, October 10, 2024 9:06 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ അത്യാധുനിക സ്വകര്യങ്ങളോടുകൂടിയ (മോഡുലാര്‍) ഓപ്പറേഷന് തീയറ്റര്‍ ഇന്ന മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 25 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിച്ചിരുന്നു.
മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കി അണുവിമുക്തമാക്കിയതിന് ശേഷം ഇന്ന് മുതലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഗൈനക്കോളജി വിഭാഗത്തിന്റെ ഓപ്പറേഷനോടുകൂടിയാണ് പ്രവര്‍ത്തനം ആരംഭിക്കുക.
ഒരേസമയം ഗൈനക്കോളജി, എല്ലുരോഗം, കണ്ണ്, ജനറല്‍ സര്‍ജറി, ഇഎന്‍ടി എന്നീ അഞ്ചു വിഭാഗങ്ങള്‍ക്കുള്ള ഓപ്പറേഷന് നടത്താന്‍ തീയറ്ററില്‍ സൗകര്യമുണ്ടാകും. ഓരോ വിഭാഗത്തിനും പ്രത്യേകമായി ഓപ്പറേഷന് ദിവസങ്ങള്‍ ഭാഗിച്ച് നല്‍കിയിട്ടുമുണ്ട്. ജനറല്‍ അനസ്തേഷ്യ നല്‍കാനുള്ള സൗകര്യവുമുണ്ട്.
ഓപ്പറേഷന് തീയറ്ററിനകത്ത് പ്രീഒപ്പറേഷന് സൗകര്യങ്ങള്‍ക്കായി അഞ്ച് കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. ഓപ്പറേഷന് കഴിയുന്ന രോഗികള്‍ക്കായി ഓപ്പറേഷന് നടക്കുമ്പോള്‍ തന്നെ എന്തെങ്കിലും അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പരിചരിക്കുന്നതിനായി തീയറ്ററിനകത്ത് മൂന്ന് കിടക്കകള്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഐസിയുവില്‍ നേരത്തെ ആറു കിടക്കകള്‍ ഉണ്ടായിരുന്നത് വെന്റിലേറ്റര്‍ സൗകര്യമടക്കമുള്ള ഒമ്പത് കിടക്കകളാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഓപ്പറേഷന് കഴിഞ്ഞ് രോഗികള്‍ക്ക് കിടക്കുന്നതിനായി ശുചിമുറിയടക്കമുള്ള 10 കിടക്കകളുള്ള പോസ്റ്റ് ഓപ്പറേഷന് വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്.
പുതിയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന് തീയറ്റര്‍ സംവിധാനം മലയോര മേഖലക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ കരുതുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി അണുബാധ നിയന്ത്രണത്തോടുകൂടിയാണ് തീയറ്ററിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോവുക.