പൊന്നാനി ബിയ്യം വള്ളംകളിക്ക് ആവേശകരമായ സമാപനം
1454075
Wednesday, September 18, 2024 4:55 AM IST
പൊന്നാനി: ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊന്നാനി ബിയ്യം കായല്‍ വള്ളംകളി മത്സരത്തില്‍ മൈനര്‍ വിഭാഗത്തില്‍ മിഖായേലും മേജര്‍ വിഭാഗത്തില്‍ പറക്കുംകുതിരയും വിജയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ബിയ്യം ബോട്ട് റേസിംഗ് കമ്മിറ്റിയാണ് വള്ളംകളി സംഘടിപ്പിച്ചത്. വലിയ ആവേശത്തില്‍ നാടൊന്നിച്ച പരിപാടിയുടെ ഉദ്ഘാടനം പൊന്നാനി എംഎല്‍എ പി. നന്ദകുമാര്‍ നിര്‍വഹിച്ചു.
പൊന്നാനി നഗരസഭ ചെയര്മാന് ശിവദാസ് ആറ്റുപുറം, നഗരസഭാ പ്രതിപക്ഷ നേതാവ് ഫര്ഹാന് ബിയ്യം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന എന്നിവര്‍ പ്രസംഗിച്ചു.
പൊന്നാനിയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിക്ക് നേതൃത്വം നല്കി. നാലാം ഓണ ദിവസം നടക്കുന്ന ബിയ്യം കായലിലെ വള്ളംകളി കാണുന്നതിന് പൊന്നാനി നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും നിരവധി പേര് എത്തിയിരുന്നു. ബിയ്യം തൂക്കുപാലത്തിന്റെ മുകളില്‍ വരെ ആളുകള്‍ നിറഞ്ഞിരുന്നു. ബിയ്യം കായലിനെ തുഴഞ്ഞു വരുന്ന ഓരോ വള്ളത്തെയും ആര്‍പ്പുവിളികളോടെ കായലിന്റെ ഇരുവശത്തും നിറഞ്ഞ ജനങ്ങള്‍ ആവേശപൂര്‍വം വരവേറ്റു.
മേജര്‍ വിഭാഗത്തില്‍ 14 വള്ളങ്ങളും മൈനര്‍ വിഭാഗത്തില്‍ 12 വള്ളങ്ങളും മത്സരത്തില്‍ പങ്കെടുത്തു. മൈനര്‍ വിഭാഗത്തില്‍ വീരപുത്രന്, മിഖായേല്‍, ജൂണിയര്‍ കായല്‍കുതിര എന്നിവര്‍ മത്സരിച്ചപ്പോള്‍ മിഖായേല്‍ വിജയം കണ്ടു. മേജര്‍ വിഭാഗത്തില്‍ പറക്കുംകുതിര, ജലറാണി, മണിക്കൊമ്പന് എന്നിവരാണ് ഫൈനലില്‍ മത്സരിച്ചത്.
ഇതില്‍ പറക്കുംകുതിര ജേതാക്കളായി. മുന്‍ വര്‍ഷങ്ങളില്‍ താലൂക്ക് ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വള്ളംകളി ബിയ്യം ബോട്ട് റേസിംഗ് കമ്മിറ്റി വലിയ വിജയമാക്കിയിരുന്നു. പരിപാടിക്ക് പോലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യു വിഭാഗം തുടങ്ങിയ ഉദ്യോഗസ്ഥരുടെ സേവനവുമുണ്ടായിരുന്നു.