നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തം
1454068
Wednesday, September 18, 2024 4:50 AM IST
നിലമ്പൂര്‍: ആദിവാസി സമൂഹം അടക്കം നിലമ്പൂരിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ ദിനംപ്രതി ആശ്രയിക്കുന്ന നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒപി ടിക്കറ്റിന് അഞ്ചില്‍ നിന്ന് 10 രൂപയായും അത്യാഹിതവിഭാഗം ടിക്കറ്റിന് 10 രൂപയില്‍ നിന്ന് 20 രൂപയായും സന്ദര്‍ശന പാസിന് 10 രൂപയില്‍ നിന്ന് 20 രൂപയായും വര്‍ധിപ്പിച്ചത് അടിയന്തരമായി പിന്‍വലിക്കണമെന്ന് പുരോഗമന യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രി എന്ന നിലയില്‍ മികച്ച സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ ആശുപത്രിയുടെ നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പോസ്റ്റര്‍ പ്രചാരണ കാമ്പയിന് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഒപി നിരക്ക്, അത്യാഹിതവിഭാഗം നിരക്ക്, സന്ദര്‍ശക പാസ് വില വര്‍ധനവ് പിന്‍വലിക്കുക, ആരോഗ്യ സംരക്ഷണം സൗജന്യമാക്കുക, ജില്ലാ ആശുപത്രിയുടെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുക, കിടത്തി ചികിത്സക്കുള്ള സൗകര്യം വര്‍ധിപ്പിക്കുക, കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുക,
ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുക, ശുചീകരണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി. നഹാസ്, നിഹാരിക പ്രദൗഷ്, ബ്രിജേഷ്, സി.പി. അബ്ദുറഹിമാന് എന്നിവര്‍ നേതൃത്വം നല്കി.