ജില്ലയില്‍ മത്സരരംഗത്ത് 16 സ്ഥാനാര്‍ഥികള്‍; മലപ്പുറം മണ്ഡലത്തില്‍ രണ്ടു പേര് പത്രിക പിന്‍വലിച്ചു
1415329
Tuesday, April 9, 2024 7:09 AM IST
മലപ്പുറം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലായി എട്ട് വീതം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. മലപ്പുറം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായ നസീഫ് പി.പി, എന്‍. ബിന്ദു എന്നിവരാണ് അവസാന ഘട്ടത്തില്‍ പത്രിക പിന്‍വലിച്ചത്.
പൊന്നാനി മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. അന്തിമ സ്ഥാനാര്‍ഥി പട്ടിക നിലവില്‍ വന്നതോടെ അതത് വരാണാധികാരികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി.
തെരഞ്ഞെടുപ്പ് നിരീക്ഷകരെ നേരില്‍ കണ്ടു പരാതി നല്‍കാം
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ പരാതികളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച നിരീക്ഷകരെ നേരില്‍ കണ്ട് അറിയിക്കാം.
നിരീക്ഷകരുടെ ക്യാമ്പ് ഓഫീസായ കാലിക്കട്ട് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 11 വരെയാണ് സന്ദര്‍ശന സമയം. പൊന്നാനി മണ്ഡലം പൊതുനിരീക്ഷകന്‍ പുല്‍കിത് ആര്.ആര്. ഖരേ (റൂം നമ്പര്‍ 7), പൊന്നാനി മണ്ഡലം പോലീസ് നിരീക്ഷകന് വിശ്വാസ് ഡി പണ്ഡാരേ ( റൂം നമ്പര്‍ 9), മലപ്പുറം മണ്ഡലം പൊതുനിരീക്ഷകന്‍ അവദേശ് കുമാര്‍ തിവാരി (റൂം നമ്പര്‍ 5) മലപ്പുറം മണ്ഡലം പോലീസ് നിരീക്ഷകന് ഡോ. ബന്‍വര്‍ ലാല്‍ മീണ (റൂം നമ്പര്‍ 6) എന്നിങ്ങനെയാണ് ക്യാമ്പ് ഓഫീസ് റൂം നമ്പര്‍.
പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ റാന്ഡമൈസേഷന് പൂര്‍ത്തിയായി
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി.
ആദ്യഘട്ട റാന്‍ഡമൈസേഷനിലൂടെ പോളിംഗ് ഡ്യൂട്ടി ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥരെ എത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്നും സ്പെഷല്‍ പോളിംഗ് സ്റ്റേഷനുകള്‍ ഏതെന്നുമാണ് രണ്ടാംഘട്ട റാന്‍ഡമൈസേഷനിലൂടെ നിര്‍ണയിച്ചത്. തെരഞ്ഞെടുപ്പ് പൊതുനീരീക്ഷകരായ അവദേശ് കുമാര്‍ തിവാരി (മലപ്പുറം), പുല്‍കിത് ഖരേ (പൊന്നാനി) എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് റാന്ഡമൈസേഷന് നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്, അസിസ്റ്റന്റ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, തെരഞ്ഞെടുപ്പ് കമ്പ്യൂട്ടറൈസേഷന് ആന്‍ഡ് ഐടി നോഡല്‍ ഓഫീസര്‍ പി. പവനന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പോളിംഗ് ഉദ്യോഗസ്ഥരെ അതതു മണ്ഡലങ്ങളിലെ ഏതു പോളിംഗ് ബൂത്തിലേക്കാണ് നിയോഗിക്കുന്നത് എന്നത് മൂന്നാം ഘട്ട റാന്‍ഡമൈസേഷനിലാണ് നിര്‍ണിയിക്കുക.
പരിശീലനം ഇന്നു മുതല്‍
മലപ്പുറം: ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ഇന്നുമുതല്‍ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ കളക്ടര്‍ അറിയിച്ചു. 12, 13 തിയതികളിലും പരിശീലനം ഉണ്ടായിരിക്കും.