വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെന്ഷന് പരിഷ്കരിക്കണം
1339157
Friday, September 29, 2023 1:30 AM IST
മലപ്പുറം : വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെന്ഷന് പരിഷ്കരിക്കണമെന്ന് ആള് കേരള ബാങ്ക് റിട്ടയറീസ് ഫോറം മലപ്പുറം ജില്ലാ സമ്മളനം അംഗീകരിച്ച പ്രമേയത്തില്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
ദിലീപ് മുഖര്‍ജി ഭവനില്‍ ചേര്‍ന്ന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ. വേലായുധന് അധ്യക്ഷത വഹിച്ചു.
എ.കെ.ബി ആര്ഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ബാബു സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി എം.വി. ഗുപ്തന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഡി വെങ്കിടേശ്വരന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിഗേഷ് ഉണ്ണിയന്‍, എ.കെ.ബി ആര്.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ. ജയകുമാര്‍, കെ.ജി.ബി. റിട്ടയറീസ് ഫോറം സംസ്ഥാന പ്രസിഡന്റ് സി. ഗോവിന്ദന്‍കുട്ടി, എ.ഐ.ആര് ആര്.ബി ഇ എ ലീഗല്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ജി. മദനന് എന്നിവര്‍ സംസാരിച്ചു.
വിരമിച്ചവരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയം ബാങ്കുകള്‍ വഹിക്കുക, മുതിര്‍ന്ന പൗരന്മാരുടെ റെയില്‍വെ യാത്രക്കുളള ഇളവ് പുനഃസ്ഥാപിക്കുക, വര്‍ഗീയതക്കും ജനവിരുദ്ധ നയങ്ങള്ക്കുമെതിരേയുളള പ്രക്ഷോഭം ശക്തിപ്പെടുത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി എ.കെ. വേലായുധന് പ്രസിഡന്റ്, എം.വി.ഗുപ്തന് സെക്രട്ടറി - , എം.വി. സത്യനാഥന് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.