ആദിവാസി ഭൂസമരത്തിനു ഐക്യദാർഢ്യവുമായി പുരോഗമന യുവജനപ്രസ്ഥാനം
1301221
Friday, June 9, 2023 12:27 AM IST
നിലന്പൂർ: നിലന്പൂർ ഐടിഡിപി ഓഫീസിന് മുന്നിൽ ആദിവാസി കൂട്ടായ്മ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുരോഗമനയുവജന പ്രസ്ഥാനം സമരപന്തലിൽ ഐക്യദാർഢ്യയോഗം സംഘടിപ്പിച്ചു. പിയുസിഎൽ സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ. പൗരൻ യോഗം ഉദ്ഘാടനം ചെയ്തു.1999 മുതൽ 2004 വരെ നടത്തിയ നിയമ പോരാട്ടങ്ങളുടെ ഫലമായാണ് ആദിവാസികൾക്ക് ഒരേക്കറിൽ കുറയാത്ത കൃഷിഭൂമി നൽകണം എന്ന സുപ്രീം കോടതി വിധി സന്പാദിക്കാനായത്.
എന്നാൽ മാറി മാറി വന്ന സർക്കാരുകളും ഉദ്യോഗസ്ഥരും വൻകിട ഭൂമാഫിയ മുതലാളിമാരും ഒന്നിച്ചു നിന്ന് നിയമം അട്ടിമറിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പൗരൻ പറഞ്ഞു.
അവകാശങ്ങൾ നേടിയെടുക്കാൻ സമരം ശക്തമായി മുന്നോട്ട് പോകണമെന്നും സർവ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി. നഹാസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുതിർന്ന മനുഷ്യാവകാശ പ്രവർത്തകൻ കെ. കാർത്തികേയൻ, ഡിഎസ്എ പ്രധിനിധി നിഹാരിക പ്രദോഷ്, ഷനീർ എന്നിവർ സംസാരിച്ചു.