മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും
1297619
Saturday, May 27, 2023 12:22 AM IST
മലപ്പുറം: മലപ്പുറം നിയോജക മണ്ഡലത്തിൽ നടന്നുവരുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ പി. ഉബൈദുള്ള എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
മൊറയൂർ - അരിന്പ്ര - പൂക്കോട്ടൂർ റോഡിന്റെ 5.64 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. സാങ്കേതിക അനുമതി ലഭ്യാക്കുന്നതിനുള്ള ഡിസൈനിംഗ് പ്രവൃത്തികൾ പുരോഗമിച്ചു വരുന്നതായി റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
അത്താണിക്കൽ-വെള്ളൂർ - ആലക്കാട് തടപ്പറന്പ് റോഡ്, മോങ്ങം - തൃപ്പനച്ചി - കാവനൂർ റോഡ്, നരിയാട്ടുപാറ - നെൻമിനി ചർച്ച് റോഡ്, ഉമ്മത്തൂർ ആനക്കടവ് പാലത്തിന്റെ ഉപരിതലം പുതുക്കൽ, ചെളൂർ - ചാപ്പനങ്ങാടി റോഡിൽ ഒരു കിലോമീറ്റർ ബി.എം നവീകരണം എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ചു.മോങ്ങം -പാലക്കാട് റോഡിന് അനുവദിച്ച അഞ്ചു കോടിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് നടപടികൾ ആരംഭിച്ചു. ഹാജിയാർപള്ളി മുതുവത്തുപറന്പ് റോഡ് രണ്ടാംഘട്ട പ്രവൃത്തികൾക്ക് 40 ലക്ഷത്തിന്റെയും മിനി ഊട്ടി ടൂറിസം വില്ലേജ് റോഡിന് 20 കോടിയുടേയും എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചു. ഫണ്ട് ലഭ്യമാക്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തും മൊറയൂർ-എടപ്പറന്പ്-കിഴിശേരി, മൊറയൂർ - വാലഞ്ചേരി - എൻഎച്ച് കോളനി, അരിന്പ്ര - മുസ്ലിയാരങ്ങാടി എന്നീ റോഡുകളുടെ അവശേഷിക്കുന്ന ഭാഗം കൂടി റബറൈസ് ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചു.
വള്ളുവന്പ്രം-വളമംഗലം-പൂക്കൊളത്തൂർ റോഡ്, മുസ്ലിയാരങ്ങാടി - കളത്തിപ്പറന്പ് - കുഴിമണ്ണ , കടന്പോട് - മുള്ളറങ്ങാട് എന്നീ റോഡുകൾക്ക് നബാർഡിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കാനുള്ള പ്രപ്പോസൽ സമർപ്പിക്കുവാൻ എംഎൽഎ നിർദേശം നൽകി.
മലപ്പുറം -മഞ്ചേരി റോഡിൽ പാണായി അങ്ങാടിയിൽ കൾവർട്ടിനു സമീപം ഫുട്പാത്ത് നിർമിക്കുവാനും ആനക്കയം -ഒറവന്പുറം റോഡിൽ പന്തല്ലൂർ മില്ലുംപടി ഭാഗത്തും ഡ്രൈനേജ് നിർമിക്കുവാനും അടിയന്തര പ്രൊപ്പോസലുകൾ സമർപ്പിക്കും. മണ്സൂണ് മുന്നോടിയായി ഡ്രൈനേജുകൾ വൃത്തിയാക്കുവാൻ നിർദേശം നൽകി.
മലപ്പുറം ജൂബിലി റോഡ്, ഇരുന്പുഴി - മേൽമുറി, മുട്ടിപ്പാലം-പാണായി റോഡ്, ഉമ്മത്തൂർ ആനക്കടവ് പാലം ലിങ്ക് റോഡ് മുണ്ടുപറന്പ്-ചെന്നത്ത് മാരിയാട് റോഡ് എന്നിവ റണ്ണിംഗ് കോണ്ട്രാക്ട് വ്യവസ്ഥയിൽ ഉൾപ്പെടുത്തി നവീകരിക്കുവാൻ എംഎൽഎ നിർദേശം നൽകി.
മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസ് കെട്ടിടത്തിന്റെ സിവിൽ പ്രവൃത്തികൾ പൂർത്തീകരിച്ചു.സിവിൽ സ്റ്റേഷനിലെ കുടുംബ കോടതി കെട്ടിടത്തിന് 12 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് കെട്ടിട നിർമാണത്തിന് അനുവദിച്ച അഞ്ചു കോടിയുടെ സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കും.
ആനക്കയം ജിയുപി സ്കൂളിന് പ്ലാൻ ഫണ്ടിൽ ലഭിച്ച ഒരു കോടി രൂപയുടെ ടെൻഡർ നടപടികൾ സ്വീകരിച്ചുവരുന്നു.മലപ്പുറം ഗവണ്മെന്റ് കോളജിൽ ഒരു കോടി റൂസ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടം നിർമാണ പുരോഗതികൾ ബന്ധപ്പെട്ട എൻജിനീയർമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. അബ്ദുറഹ്മാൻ, കെ. ഇസ്മായിൽ, അടോട്ട് ചന്ദ്രൻ റാബിയ ചോലക്കൽ, സുനീറ പൊറ്റമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ജലീൽ കുന്നക്കാട്, കല്ലേങ്ങൽ നുസ്രീന മോൾ, അനിത മണികണ്ഠൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറും നോഡൽ ഓഫീസറുമായ സി. റിജോ റിന്ന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാമകൃഷ്ണൻ പാലശേരി, അസിസ്റ്റന്റ് എൻജിനീയർമാരായ സി.വിമൽരാജ്,പി.ആർ റെജി, കെ. ഹാജിഷ, കെ.എം മുഹമ്മദ് ഹസൻ, റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.