ഷോക്കടിച്ചു വീണ കുരങ്ങനെ രക്ഷപ്പെടുത്തി
1297142
Wednesday, May 24, 2023 11:54 PM IST
നിലന്പൂർ: വൈദ്യുതി ലൈനിൽ നിന്നു ഷോക്കടിച്ചു വീണ കുരങ്ങന് രക്ഷകരായി എമർജൻസി റെസ്ക്യു ഫോഴ്സും മൃഗസംരക്ഷണ വകുപ്പും. അപകടനില തരണം ചെയ്ത കുരങ്ങിനെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം ഏറ്റെടുത്തു.
മന്പാട് പഞ്ചായത്തിൽ വടപുറം വള്ളിക്കെട്ട് റോഡിലാണ് കുരങ്ങ് 11 കെവി ലൈനിൽ നിന്നു ഷോക്കടിച്ച് വീണത്. ഉടൻ സമീപവാസിയും എമർജൻസി റെസ്ക്യു ഫോഴ്സ് അംഗവുമായ ടി. നജുമുദീൻ കുരങ്ങിനെ വടപുറം മൃഗാശുപത്രിയിൽ എത്തിച്ചു.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.ആർ സതീഷ് കൃത്രിമ ശ്വാസം നൽകി നിലച്ചുപോയ കുരങ്ങിന്റെ ഹൃദയം പുനരുജ്ജീവിപ്പിക്കുകയും തുടർന്ന് അടിയന്തര വൈദ്യസഹായവും നൽകി ജീവൻ രക്ഷിച്ചെടുക്കുകയും ചെയ്തു.
അപകടനില തരണം ചെയ്ത കുരങ്ങിനെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം ഏറ്റെടുത്തു. ഷോക്കടിച്ചപ്പോൾ കൈയിലുണ്ടായ പൊള്ളൽ പൂർണമായി മാറാൻ ദിവസങ്ങൾ വേണ്ടിവരും. ഇആർഎഫ് അംഗങ്ങളായ കെ.എം അബ്ദുൾ മജീദ്, ബിബിൻ പോൾ, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ വി. നാരായണൻ, നിഷ പുല്ലാനി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.