ആശ്രയയുടെ ഫുഡ് ഫോര്‍ ചാരിറ്റി ഭക്ഷ്യമേള ഇന്ന്
1516731
Saturday, February 22, 2025 6:26 AM IST
തിരുവനന്തപുരം: ഭക്ഷണം വാങ്ങൂ; ഒരു സ്വപ്നം സാക്ഷാത്കരിക്കൂ എന്ന സന്ദേശവുമായി ആര്‍സിസിയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയ വോളന്റിയര്‍ ഓര്ഗനൈസേഷന് ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ പത്തു മുതല്‍ വൈകുന്നേരം 6.30 വരെ പാളയം നിയമസഭാ മന്ദിരത്തിനു എതിര്‍വശത്തുള്ള ക്രൈസ്റ്റ് ചര്‍ച്ച് സെന്റിനറി ഹാളിലാണ് ഭക്ഷ്യമേള ഒരുക്കുന്നത്.
തിരുവനന്തപുരത്തെ ആര്‍സിസിയിലെ നിരാലംബരായ കാന്‍സര്‍ രോഗികള്‍ക്കു ആശ്രയമരുളുന്ന ആശ്രയയുടെ മൂന്നാമത് ഭക്ഷ്യമേളയാണിത്. മേളയിലൂടെ ലഭിക്കുന്ന ധനം അര്‍ബുദരോഗികളുടെ ചികിത്സ, താമസം, കുടുംബത്തിന്റെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി രൂപീകരിച്ചിട്ടുള്ള ആശ്രയയുടെ സഹായധന ഫണ്ടിലേക്കാണ് എത്തുന്നത്.
കഴിഞ്ഞ 29 വര്‍ഷങ്ങളായി ആര്‍സിസിയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ സംഘടനയായ ആശ്രയയില്‍ നാന്നൂറ്റി അമ്പതോളം വോളന്റിറിയര്മാരുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ആശ്രയ സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ സാധാരണക്കാര്‍ മുതല്‍ സമ്പന്നര്‍ വരെ പങ്കെടുത്ത് ആശ്രയയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ പിന്തുണ നല്‍കിയിട്ടുണ്ട്.
ദിനംപ്രതി അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യമേളയിലൂടെയുള്ള സഹായധനം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. വിവിധതരം ഭക്ഷണ വിഭവങ്ങള്‍ കൂടാതെ വസ്ത്രങ്ങളുടെയും ഫാന്‍സി ആഭരണങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഭക്ഷ്യമേളയോടനുബന്ധിച്ച് നടക്കും.