പാച്ചല്ലൂരില്‍ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു
1516721
Saturday, February 22, 2025 6:20 AM IST
തിരുവല്ലം: പാച്ചല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു. പാച്ചല്ലൂര്‍ ഇടവിളകാത്തിനു സമീപത്താണ് സംഭവം. പ്രദേശമാകെ പുകപടലം കൊണ്ട് മൂടിയതൊടെ സമീപവാസികള്‍ വിവരം വാര്‍ഡ് കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍ വിവരം ഫയര്‍ ഫോഴ്സിനെയും നഗരസഭ അധികൃതരെയും അറിയിച്ചു.
പിന്നാലെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞത്തു നിന്നും ഫയര്‍ ഫോഴ്സെത്തി ഒരു മണിക്കുര്‍ സമയം ചെലവഴിച്ച് തീ കെടുത്തുകയായിരുന്നു. തീ പടരാതിരിക്കാന്‍ ജെസിബി വരുത്തി മാലിന്യത്തെ മണ്ണിട്ട് മൂടുകയുമായിരുന്നു.
നാട്ടുകാരില്‍ ചിലര്‍ക്ക് പുക ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പുരയിടത്തിലെ ചതിപ്പ് നികത്തുന്നതിന്റെ ഭാഗമായിട്ടാണ് മാലിന്യം കൊണ്ടിട്ടതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യം കത്തിയ സംഭവത്തില്‍ സ്ഥലം ഉടമയില്‍ നിന്നും നഗരസഭ ഹെല്‍ത്ത് വിഭാഗം പിഴ ഈടാക്കി.