മകളുടെ വീട്ടിലേക്ക് പുറപ്പെട്ട വയോധിക കടലിൽ മരിച്ച നിലയിൽ
1516553
Saturday, February 22, 2025 2:27 AM IST
വിഴിഞ്ഞം: തമിഴ്നാട്ടിൽ നിന്ന് വിഴിഞ്ഞത്ത് മകളുടെ വീട്ടിൽ പോകുന്നതായറിയിച്ച് യാത്ര തിരിച്ച വയോധികയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി തിരുവട്ടാർ പുത്തൻകട തവിട്ട് കാട് വിള വീട്ടിൽ വേലമ്മ (76) യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ പൂവാർ പള്ളം തീരത്ത് കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിഴിഞ്ഞത്ത് താമസിക്കുന്ന മകൾ സുമിത്രയുടെ വീട്ടിൽ പോകുന്നതായറിച്ച് ഇവർ യാത്ര തിരിച്ചത്. വൈകുന്നേരം വരെയും വിഴിഞ്ഞത്ത് എത്തിയില്ലെന്നറിഞ്ഞ ബന്ധുക്കൾ തിരുവട്ടാർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് കടലിൽ വസ്ത്രങ്ങൾ ഇല്ലാത്ത നിലയിൽ ഇന്നലെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൂവാർ തീരദേശ പോലീസ് എത്തി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രാഥമികമായി ദുരൂഹതയില്ലെങ്കിലും ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോമോർട്ടവും കഴിഞ്ഞശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.
മോർച്ചറിയിൽ എത്തിയ ബന്ധുക്കൾ മൃതദേഹം വേലമ്മയുടെ തെന്ന് തിരിച്ചറിഞ്ഞ ശേഷം പൂവാർ തീരദേശ സ്റ്റേഷനിൽ എത്തി മൊഴി നൽകി. ഏഴ് മക്കളുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. വാഹനത്തിൽ തിരിച്ച ഇവർ എങ്ങനെ കടൽക്കരയിൽ എത്തിയെന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറയുന്നു.