പിക്കപ്പ് ഓട്ടോ ഇടിച്ച് ഗുരുതര പരിക്ക്: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1516708
Saturday, February 22, 2025 6:10 AM IST
തിരുവനന്തപുരം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നയാളെ പിക്കപ്പ് ഓട്ടോറിക്ഷ ഇടിച്ചിട്ട ശേഷം നിർത്താതെ പോയെന്ന പരാതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. 2023 സെപ്റ്റംബർ 11 നു രാത്രി ആയിരുന്നു സംഭവം.
ജില്ലാ ക്രൈം ബ്രാഞ്ചിലെ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസന്വേഷണം നടത്തണമെന്നാണ് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകിയത്. വെന്പായം ചീരാണിക്കര സ്വദേശി മുഹമ്മദ് റഹ്മത്തുള്ളയുടെ പരാതിയിലാണ് നടപടി.
നെടുമങ്ങാട് ഡിവൈഎസ്പിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിലാണ് പിക്കപ്പ് ഓട്ടോ ഇടിച്ചത്. പരാതിക്കാരന്റെ അസ്ഥിക്കു പൊട്ടലും മുറിവുകളും സംഭവിച്ചു.
പരാതിയിൽ നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഓട്ടോയുടെ വിവരങ്ങൾ ലഭിച്ചില്ല. ഓട്ടോ കണ്ടെത്താത്തതു കാരണം കോടതിയിൽ സാവകാശം ചോദിച്ചിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്.