ആറ്റുകാല്‍ പൊങ്കാല; അന്നദാനത്തിനു മാര്‍ഗനിര്‍ദേശങ്ങള്‍
1516723
Saturday, February 22, 2025 6:20 AM IST
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് പൊങ്കാലയ്ക്കെത്തുന്ന ഭക്തജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് തിരുവനന്തപുരം സബ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശിച്ചു.
എല്ലാ ഹോട്ടലുകളും ഭക്ഷ്യസുരക്ഷാ ലൈസന്‍സിന്റെ / രജിസ്ട്രേഷന്റെ പകര്‍പ്പ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പരിശോധനാ സമയങ്ങളില്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.
പൊങ്കാലയുടെ ഭാഗമായി ഭക്ഷ്യസംരംഭകര്‍ , പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മാര്‍ച്ച് ഒന്നിന് രാവിലെ 10.30 ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനില്‍ അവബോധന പരിപാടി നടത്തും. അന്നദാനവുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സംരംഭകര്‍ നിര്‍ബന്ധമായും ഇതിൽ പങ്കെടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
അന്നദാനം , ലഘുഭക്ഷണം, ശീതളപാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും, സംഘടനകളും, വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന് എടുക്കണം.