അമ്പതേക്കർ പാതയിലെ സൗരോർജ വേലി തകർന്നു
1516728
Saturday, February 22, 2025 6:26 AM IST
കുളത്തൂപ്പുഴ: ജനവാസ മേഖലയിലേക്ക് കാട്ടുമൃഗങ്ങൾ എത്തുന്നത് തടയുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വനാവരണം പദ്ധതിയുടെ ഭാഗമായി നിർമിച്ച വൈദ്യുത വേലി ( ഹാംഗിംഗ് ഫെൻസിംഗ്) നിർമിച്ച് ഒരു വർഷം തികയുന്നതിന് മുൻപ് തകർന്നു.
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതിയുടെ ഒന്നാം ഘട്ടമായി 55 ലക്ഷം മുടക്കി കുളത്തൂപ്പുഴ പഞ്ചായത്തിലാണ് കേരള ഇലക്ട്രിക്കൽ ആന്ഡ് അലിഡ് ഏജൻസി കമ്പനി ലിമിറ്റഡിന്റെ (കെൽ) നേതൃത്വത്തിൽ 20 24 ഏപ്രിലിലാണ് വൈദ്യുതി വേലി സ്ഥാപിച്ചത്.
നിരന്തരം കാട്ടാന കൂട്ടങ്ങളും കാട്ടുപോത്തുകളും പ്രദേശവാസികളുടെ വഴിമുടക്കുന്ന അമ്പതേക്കർ വില്ലുമല പാതയിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ ആയിരുന്നു ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിച്ചത്. ഡീസന്റ് മുക്ക് വനംവകുപ്പിന്റെ ക്വാട്ടേഴ്സിന് മുന്നിലാണ് വേലിക്ക് വേണ്ടി വൈദ്യുതി എത്തിക്കുന്നതിനുള്ള സൗരോർജ പാനലും ബാറ്ററി സംവിധാനവും സ്ഥാപിച്ചത്.
മാസങ്ങളായി പ്രവർത്തിച്ചിരുന്ന വേലി മറികടന്ന് കാട്ടാനകളോ കാട്ടുപോത്തുകളോ വനപാതയിലേക്ക് അധികം എത്തിയിരുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് വേലിയിലേക്ക് വൈദ്യുതി എത്തിക്കുന്ന ബാറ്ററി സംവിധാനം തകരാറിലായി എന്ന വിവരം നിർമാണത്തിന് മേൽനോട്ടം വഹിച്ച കുളത്തൂപ്പുഴ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ വനവകുപ്പ് അറിയിച്ചിരുന്നു.
ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ തയാറായില്ല. ഇതിനിടെ വനപാതയിലൂടെ കടന്നുപോയ ഓട്ടോയ്ക്ക് മുന്നിലേക്ക് വൈദ്യുതി വേലി തകർത്തെത്തിയ കാട്ടാനകൾ പാഞ്ഞെത്തുകയും ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം യാത്രക്കാർ രക്ഷപ്പെടുകയുണ്ടായി.
വേലി പലസ്ഥലങ്ങളിലും കാട്ടാനകൾ തകർത്തിട്ടുണ്ട്. തകരാർ പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.