റോഡിൽ കൂട്ടത്തോടെ കാട്ടുപോത്തുകൾ; ഭയന്ന് നെയ്യാർ അഗസ്ത്യവനം ഗ്രാമങ്ങൾ
1516710
Saturday, February 22, 2025 6:10 AM IST
കാട്ടാക്കട: കാട്ടുപോത്തുകൾ കൂട്ടത്തോടെ റോഡിലിറങ്ങാൻ തുടങ്ങിയതോടെ ഭീതിയിലായി നാട്ടുകാർ. കഴിഞ്ഞ ദിവസും റോഡിൽ കാട്ടുപോത്തുകളെത്തിയിരുന്നു.. നെയ്യാർ അഗസ്ത്യവനം അതിരിടുന്ന പ്രദേശങ്ങളിലെ നാട്ടുകാരാണ് കാട്ടുപോത്തുകളെകൊണ്ട് പൊറുതിമുട്ടുന്നത്. വ്ളാവെട്ടി, വനംവകുപ്പിന്റെ അഗസ്ത്യ ചീങ്കണ്ണി,
മാൻ പാർക്ക് ഭാഗങ്ങൾ, മരക്കുന്നം, സഹകരണ കോളജ്, പെരുംകുളങ്ങര, കോട്ടൂർ, മലവിള, ഉത്തരംകോട് എന്നിവിടങ്ങളിലാണ് കാട്ടുപോത്തുകളുടെ ശല്യം കൂടിയത്. ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന ഇവ കൃഷിയിടങ്ങളിൽ കടന്നുകയറി വിളകൾ കുത്തിമറിച്ച് നശിപ്പിക്കുക പതിവാണ്. പുലർച്ചെ റബർ ടാപ്പിങ്ങിനായി പോകുന്ന തൊഴിലാളികളും, വഴിയാത്രക്കാരുമാണ് ഏറെ ഭീതിയിലാകുന്നത്.
വ്ളാവെട്ടി-നെയ്യാർഡാം റോഡിന്റെ ഒരു ഭാഗം വനമാണ്. പുലർച്ചെ വനത്തിൽനിന്ന് ഇറങ്ങുന്ന ഇവ റോഡ് മുറിച്ചുകടന്നാണ് മറുഭാഗത്തേക്കു പോകുക. ഇരുട്ടിൽ റോഡ് കടന്ന് പെട്ടെന്ന് മുന്നിലെത്തുന്ന ഇവ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കുന്നു. ഇരുചക്രവാഹനയാത്രികരെ ഉപദ്രവിക്കുന്നതു പതിവാണ്.
വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങിയിട്ട് വർഷങ്ങളായി. നെട്ടുകാൽത്തേരി തുറന്ന ജയിൽ പരിസരമാകെ ഇവയുടെ വിഹാരകേന്ദ്രമാണെന്ന് പ്രദേശവാസികൾ പറയുന്നു.
പകൽ പുള്ളിമാൻ, കുരങ്ങുകൂട്ടമാണ് പലപ്പോഴുമെത്തുക. രാത്രിയിൽ കാട്ടുപന്നിയാണ് പ്രശ്നക്കാരൻ. കൂട്ടത്തോടെ ഇവ കൃഷിയിടങ്ങളിലെത്തുന്നത് പ്രദേശത്തുകാർക്ക് പതിവു കാഴ്ചയാണ്. വനാതിർത്തിയായ ഉത്തരംകോട് പ്രദേശത്ത് ഇപ്പോൾ പലപ്പോഴും കാട്ടുപോത്തുകളെ കാണാം.