ഫണ്ടില്ല; കടൽഭിത്തി നിർമാണം നിലച്ചു
1516705
Saturday, February 22, 2025 6:10 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഫണ്ട് വെട്ടിയതോടെ ശംഖുംമുഖം മേഖലയിൽ കടലാക്രമണം തടയാൻ വിഭാവന ചെയ്ത ജിയോ ട്യൂബ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിർമാണം നിലച്ച നിലയിൽ.
കടലാക്രമണം തടയാനായി ജലവിഭവ വകുപ്പായിരുന്നു പദ്ധതി കൊണ്ടുവന്നിരുന്നത്. ശംഖുമുഖം ജോണ്‍പോൾ രണ്ടാമന്റെ കുരിശടിക്ക് പടിഞ്ഞാറു ഭാഗം മുതൽ കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് ചർച്ച് വരെയുള്ള പ്രദേശത്തെ കടലാക്രമണം തടയാനുള്ള പദ്ധതിയാണയിരുന്നു തയാറാക്കിയിരുന്നത്. ഏതാണ്ട് നൂറോളം വീടുകളെയും സ്ഥാപനങ്ങളെയും കടലാക്രമണ ഭീഷണിയിൽ നിന്നു രക്ഷിക്കുകയായിരുന്നു ലക്ഷ്യം.
നാമമാത്രമായ വീടുകൾ മാത്രം ഉൾപ്പെടുന്ന പ്രദേശത്തു സംരക്ഷണഭിത്തി നിർമിച്ച ശേഷം പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഫണ്ടിന്റെ അപര്യാപ്തതയാണ് പദ്ധതി നിർത്തിവയ്ക്കാൻ കാരണമെന്നാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇനി നവകേരള പദ്ധതിയിൽ പെടുത്തി ഫണ്ട് അനുവദിക്കുന്ന മുറയ്ക്കു നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നു. അപ്പോഴും നേരത്തെ പദ്ധതിക്കായി അനുവദിച്ച തുക എങ്ങോട്ടു വഴിമാറ്റിയെന്ന ചോദ്യം ബാക്കിയാകുന്നു.
നടന്നത് വിചിത്ര സംഭവമാണെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആരോപിച്ചു. മേയ് മാസത്തോടെ കടലാക്രമണത്തിന് സാധ്യത ഏറെയാണ്. അതിനാൽ അടിയന്തരമായി ഫണ്ട് അനുവദിച്ച് പദ്ധതി പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.