നെടുമങ്ങാട്ട് വൻ ചാരായവേട്ട
1516394
Friday, February 21, 2025 6:59 AM IST
നെടുമങ്ങാട്: വലിയമലയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 149 ലിറ്റർ വാറ്റ് ചാരായം, 39 ലിറ്റർ വൈൻ, വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ എന്നിവ പിടിച്ചെടുത്തു. സംഭവത്തിൽ വലിയമല പനയ്ക്കോട് സ്വദേശി ഭജൻലാലി (32)നെ റൂറൽ എസ്പിയുടെ സ്പെഷൽ ഡാൻസാഫ് ടീം അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഡാൻസാഫ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്.
ഭജൻലാലിന്റെ വീടിനുമുറ്റത്തു പ്രത്യേകം തയാറാക്കിയ അറകൾക്കുള്ളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. വീടിനു മുറ്റത്തു ചീര കൃഷി നടത്തിയിരുന്നതിനു സമീപമാണ് കുഴിയിൽ മദ്യവും മറ്റുമെല്ലാം ഒളിപ്പിച്ചിരുന്നത്. കാട്ടുപന്നിയെ വേട്ടയാടുവാൻ വേണ്ടിയാണ് വെടിമരുന്നു നിർമിച്ചത്.കൂടാതെ വൈനും ഉണ്ടായിരുന്നു.
കാട്ടുപന്നി അവശിഷ്ടം കണ്ടെത്തിയതു വനം വകുപ്പും അന്വേഷിക്കും. പ്രതി ആവശ്യക്കാർക്ക് 2000 മുതൽ 3000 രൂപയ്ക്ക് വാറ്റ് ചാരായം സ്ഥലത്തെത്തിച്ചു നൽകിയിരുന്നു. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ്. അരുൺ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി എന്നിവരും, വലിയമല സിഐ പ്രമോദ് കൃഷ്ണനും ഡാൻസാഫ് ടീമിലെ ഓസ്റ്റിൻ, ഷിബു എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.