ഐഎഎസുകാരും പിഎസ്സി അംഗങ്ങളും മാത്രം ജീവിച്ചാൽ മതിയോയെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ
1516378
Friday, February 21, 2025 6:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും ദുരിതക്കയത്തിൽ മുങ്ങിത്താഴുന്പോൾ പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശന്പളത്തിൽ ലക്ഷങ്ങളുടെ വർധന വരുത്തിയ സർക്കാർ നടപടിയിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ പ്രതിഷേധിച്ചു.
ജനങ്ങളുടെയും ജീവനക്കാരുടെയും അടിസ്ഥാന അവകാശങ്ങൾ പോലും തമസ്കരിച്ച് സ്വന്തക്കാർക്കും ഇഷ്ട ജനങ്ങൾക്കും നേട്ടങ്ങൾ നൽകുന്ന ഭരണകൂടമായി സർക്കാർ പരിണമിച്ചു.
1600 രൂപ മാത്രം കൈപ്പറ്റുന്ന ക്ഷേമ പെൻഷൻ, വാഗ്ദാനം ചെയ്തതുപോലെ 2500 രൂപയാക്കാനോ അവരുടെ കുടിശിക പെൻഷൻ നൽകാനോ, കേവലം 7000 രൂപ മാത്രം ലഭിക്കുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കാനോ ജീവനക്കാരുടെ കുടിശികയായ ആറ് ഗഡു ഡിഎ നൽകാനോ അർഹമായി എട്ടു മാസം കഴിഞ്ഞിട്ടും ശന്പളപരിഷ്കരണം നടപ്പാക്കാനോ ചെറുവിരൽ പോലും അനക്കാത്ത സർക്കാരാണിത്.
കാറുകൾ വാങ്ങാൻ 100 കോടി ചെലവഴിക്കാനോ പിഎസ്സി അംഗങ്ങളുടെ ശന്പളം കൂട്ടാനോ ഒരു വൈമുഖ്യവുമില്ല. കേരളത്തിൽ ഐഎഎസുകാരും ഐപിഎസുകാരും പിഎസ്സി അംഗങ്ങളും മാത്രം സുഭിക്ഷമായി ജീവിച്ചാൽ മതിയെന്ന ധാരണ എൽഡിഎഫ് ഭരണത്തിന് ഭൂഷണമല്ലെന്നു സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ്, സെക്രട്ടേറിയറ്റ് അസോ. ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ. മനോജ്കുമാർ തുടങ്ങിയവർ പറഞ്ഞു.