കാറിൽ സൂക്ഷിച്ചിരുന്ന 48 കിലോ കഞ്ചാവ് പിടികൂടി
1516377
Friday, February 21, 2025 6:43 AM IST
നേമം: കാറിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 48 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തു.
പള്ളിച്ചല്‍ പാരൂര്‍കുഴി അത്തിയറ ഭഗവതി ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രാവച്ചമ്പലം കനാല്‍ക്കര വീട്ടില്‍ റഫീക്ക് (31) നേമം സ്വദേശി ഷാനവാസ് ( 34 ), കാറിന്റെ ഉടമ പുനലാല്‍ സ്വദേശി അനസ് (35), പേയാട് സ്വദേശിനി റിയ സ്വീറ്റി(44) എന്നിവരാണ് പിടിയിലായത്.
പാരൂര്‍ക്കുഴിയിലെ റഫീക്കിന്റെ വാടക വീട്ടില്‍ രാവിലെ കാറുമായി എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് 10 ലക്ഷത്തോളം രൂപ വിലമതിക്കും. വ്യാജ നമ്പറാണ് കാറില്‍ രേഖപ്പെടുത്തിയിരുന്നത്. സിറ്റി ഷാഡോ ടീമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.
നരുവാമൂട് എസ്.ഐ. വിന്‍സന്റ്, എഎസ്ഐ ഷിബു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സജിത്ത് ലാല്‍, സനല്‍, വിനീഷ്, രാഹുല്‍, പ്രശാന്ത്, സിപിഒമാരായ പീറ്റര്‍ സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.