ജൽ ജീവൻ പദ്ധതി മുടക്കിയാൽ സർക്കാരിനെ ജനങ്ങൾ വെറുതെ വിടില്ലെന്ന് കെ. മുരളീധരൻ
1516376
Friday, February 21, 2025 6:43 AM IST
തിരുവനന്തപുരം: യാതൊരു സാന്പത്തിക മുന്നൊരുക്കവും നടത്താതെ 44,500 കോടി രൂപയുടെ കുടിവെള്ള പ്രവർത്തികൾക്ക് ഭരണാനുമതി നൽകുകയും ടെൻഡർ നടത്തുകയും ചെയ്ത സർക്കാർ ജനങ്ങളോട് ഉത്തരം പറയേണ്ട സ്ഥിതിയിലാണെന്ന് കെ. മുരളീധരൻ. പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്താണ്.
ഒറിജിനൽ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിടുന്പോഴും പദ്ധതി ചെലവിന്റെ നാലിലൊന്നു പോലും സർക്കാർ ചെലവഴിച്ചിട്ടില്ല. 4500 ൽ പരം രൂപ കരാറുകാർക്ക് കുടിശിഖയാണ്. ബാങ്കുകളിൽ കിടന്ന കരാറുകാരുടെ സെക്യൂരിറ്റി തുകകൾ പോലും ട്രഷറികളിലേക്കു മാറ്റിയിരിക്കുന്നു.
പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചങ്കിലും 17,000 കോടിയോളം രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കണം. 2025- 26 വർഷത്തേക്കു സംസ്ഥാന ബജറ്റിൽ വകയിരുയിട്ടുളളത് 560 കോടി രൂപ മാത്രമാണ്. ബാക്കി 16,340 കോടി എങ്ങനെ കണ്ടെത്തുമെന്ന് സർക്കാരിന് ഒരു നിശ്ചയവുമില്ല. സംസ്ഥാന സർക്കാർ ചെലവിടുന്നതിന് ആനുപാതികമായി മാത്രമേ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളു. എണ്ണൂറോളം കരാറുകാർക്കാണ് ഇപ്പോൾ 4500 കോടി രൂപ കുടിശിഖയുള്ളത്. ഇത് ലഭിക്കാതെ കരാറുകാർക്ക് തുടർന്ന് പണികൾ ചെയ്യാനും കഴിയില്ല.
മഴ ആരംഭിച്ചാൽ റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകളിടാനും കഴിയില്ല. അതിനാൽ 4,500 കോടി കുടിശിഖ തുക ഉടൻ വിതരണം ചെയ്യുകയും ബാക്കി തുകയുടെ കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്യണം. അല്ലാത്ത പക്ഷം കരാറുകാർ പണികൾ ഉപേക്ഷിച്ചാൽ പദ്ധതി നാലിലൊന്നു വഴിയിൽ അവശേഷിക്കുമെന്നും മുരളീധരൻ പറഞ്ഞു. ജൽ ജീവൻ കരാറുകാരുടെ സംയുക്ത സമിതി ചെയർമാൻ ജോസ് വാളോത്തിൽ അധ്യക്ഷനായിരുന്നു.