തെക്കന്‍ കുരിശുമല തീര്‍ഥാടനം: അവലോകനയോഗം നടത്തി
1516375
Friday, February 21, 2025 6:43 AM IST
വെള്ളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 68-ാമത് തീര്‍ഥാടനത്തോടനുബന്ധിച്ചു തിരുവനന്തപുരം എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ഉന്നതതല അവലോകന യോഗം നടന്നു.
പാറശാല എംഎല്‍എ സി. കെ. ഹരീന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറലും തീര്‍ഥാടന കേന്ദ്രം ഡയറക്ടറുമായ മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ ആമുഖപ്രസംഗം നടത്തി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും വേനല്‍ അധികമായതിനാല്‍ രാത്രികാല തീര്‍ഥാടകരുടെ തിരക്ക് കൂടുമെന്നും അതിനനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും എല്ലാ വകുപ്പുകളും ചെയ്യണമെന്നും സി.കെ.ഹരീന്ദ്രന്‍ എം എല്‍ എ പറഞ്ഞു.
സമയബന്ധിതമായി ചെയ്ത് തീര്‍ക്കേണ്ട ഒരുക്കങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തണമെന്നും തീര്‍ഥാടനം സുതാര്യമായി നടക്കേണ്ട ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ചെയ്തു തീര്‍ക്കണമെന്നും ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ബീനാ പി. ആനന്ദ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നന്ദകുമാരന്, നെയ്യാറ്റിന്‍കര ഡി വൈഎസ്പിഎസ് ഷാജി, ജില്ലാ അഡീഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പോലീസ്, എക്സൈസ്, കെഎസ് ആര്‍ടിസി, വൈദ്യുതി, ആരോഗ്യം, ഫയര്‍ഫോഴ്സ്, വാട്ടര്‍ അഥോറിട്ടി, ഫയര്‍ഫോഴ്സ്, റവന്യൂ, പൊതുമരാമത്ത്, മോട്ടോര്‍ വാഹന വകുപ്പ്,
ലേബര്‍ ഓഫീസ്, ഭക്ഷ്യസുരക്ഷ, ത്രിതല പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു. പോലീസ്, ഫയര്‍ ആൻഡ് റെസ്ക്യൂ, പഞ്ചായത്ത്, എക്സൈസ്, ഹെല്‍ത്ത്, ഫുഡ് ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകള്‍ ചേര്‍ന്ന് വോളന്റിയേഴ്സിനു പരിശീലനം നല്‍കുമെന്ന് എഡിഎം യോഗത്തെ അറിയിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍ പേഴ്സണ്‍ എസ് ജയന്തി സ്വാഗതവും തീര്‍ഥാടന കേന്ദ്രം ജനറല്‍ കോര്‍ഡിനേറ്റര്‍ ടി.ജി. രാജേന്ദ്രന് നന്ദിയും പറഞ്ഞു.