ഓട്ടോഡ്രൈവര്‍ ഓട്ടോയില്‍ മരിച്ച നിലയില്‍
1516224
Friday, February 21, 2025 3:47 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ രോഗിയെ എത്തിച്ചശേഷം പാര്‍ക്കിംഗ് സ്ഥലത്ത് കാത്തുനിന്ന ഓട്ടോഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ധനുവച്ചപുരം മേക്കൊല്ല കല്ലിടാഞ്ചി സതീഷ് ഭവനില്‍ സതീഷ്കുമാര്‍ (58) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സതീഷ്കുമാര്‍ തന്റെ സ്ഥലവാസിയായ ഒരു രോഗിയെ മെഡിക്കല്‍കോളജിലെ ഒപിയില്‍ എത്തിച്ചശേഷം തിരികെവന്ന് ഓട്ടോയില്‍ വിശ്രമിച്ചത്. ചികിത്സകഴിഞ്ഞ രോഗി തിരികെപ്പോകുന്നതിന് ഓട്ടോഡ്രൈവറെ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയപ്പോഴാണ് ഓട്ടോയ്ക്കുള്ളില്‍ സതീഷ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഹൃദയാഘാതമുണ്ടായതാകാം മരണകാരണമെന്നു മെഡിക്കല്‍കോളജ് അധികൃതര്‍ അറിയിച്ചു. പരേതനായ കുട്ടന്-ശാരദ ദമ്പതികളുടെ മകനാണ്. വസന്തയാണ് ഭാര്യ. മക്കള്‍: സജിത, സജിന്‍, സജീഷ്. മരുമക്കള്‍: രാജേഷ്, അജിഷ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.