വെള്ളപ്പൊക്കത്തിന്റെ കഥയുമായി ഉണ്ണിമാഷും കുട്ട്യോളും
1493483
Wednesday, January 8, 2025 6:09 AM IST
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയെ ഹർഷാരവത്തിൽ നിറച്ച് ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികളവതരിപ്പിച്ചതകഴിയുടെ വെള്ളപ്പൊക്കത്തിൽ കഥയുടെ നാടകാവിഷ്കരണം. എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ നിറകണ്ണുകളോടെയാണ് കാണികൾ നാടകം കണ്ടത്. വയനാട് ദുരന്തത്തിൽ പൂർണമായി തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വെള്ളപ്പൊക്കത്തിൽ എന്ന നാടകവുമായി കലോത്സവ വേദിയിൽ നിറ ഞ്ഞാടിയത്.
തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി തയാറാക്കിയ നാടകത്തിന്റെ തിരക്കഥ തയാറാക്കിയത് നാടക പ്രവർത്തകനും അധ്യാപകനുമായ സി.ബി. അജയകുമാറാണ് . ജോബ് മഠത്തിൽ സംവിധാനം ചെയ്ത നാടകത്തിൽ അമൽ ജിത്ത്, നിരഞ്ജൻ, വൈഗ, നിവേദിത, മുഹമ്മദ് അൻസിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കുട്ടികളെ നാടക മത്സരത്തിനു പങ്കെടുക്കാനായി ഒരുപാട് ആശയങ്ങൾ പരിഗണിച്ചെങ്കിലും തങ്ങളുടെ ജീവിത കഥ തന്നെ നാടകത്തിന്റെ പ്രമേയമായപ്പോൾ അത് ഉൾക്കൊള്ളാനും അവതരിപ്പിക്കാനും കുട്ടികൾക്കും ആവേശമായി എന്ന അജയ കുമാർ മാഷ് അഭിപ്രായപ്പെട്ടു.
തൊണ്ണൂറോളം വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട കഥയെ സമകാലിക സംഭവങ്ങളും കൂട്ടിച്ചേർത്തു നാടകമായി അവതരിപ്പിക്കാൻ കഴിഞ്ഞപ്പോൾ കാലാതീതമായി നിലനിൽക്കുന്ന കലയുടെ വിജയമാണ് ഈ നാടകത്തിലൂടെ പ്രകടമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാടകത്തിൽ ചേന്നന്റെ പട്ടിയായി അഭിനയിച്ച അമൽ ജിത്ത് പ്രേക്ഷകരുടെ കരളലിയിക്കുന്ന അഭിനയമാണ് കാഴ്ചവച്ചത്.
ചൂരൽമല ദുരന്തത്തിൽ തന്റെ നായ്കുട്ടിയെ നഷ്ട്ടപ്പെട്ട അമലിന് ആ വിഷമത്തിൽനിന്നും കരകയറാൻ ഏറെ നാളുകൾ എടുത്തെന്നും തന്റെ നായയുമായുള്ള അഭേദ്യ ബന്ധമാണ് അരങ്ങിൽ അഭിനയ മികവായി മാറിയതെന്നും അധ്യാപകർ പറഞ്ഞു.
ദുരിതകാലത്ത് തങ്ങളുടെ കൂടെ നിന്ന മലയാളികൾക്കുള്ള സമർപ്പണമാണ് ഈ നാടകമെന്ന് ഉണ്ണി മാഷ് പറഞ്ഞു. ദുരിതമുഖം നേരിട്ട് കണ്ടു പൊട്ടിക്കരയുന്ന ഉണ്ണിമാഷിന്റെ ചിത്രങ്ങൾ നൊമ്പരമായി മാറിയിരുന്നു. സബ് ജില്ലാ കലോത്സവ മത്സരത്തിലേക്ക് ദുരന്തം അതിജീവിച്ച 97 കുട്ടികളെയാണ് മത്സരത്തിന് എത്തിച്ചു.
കുട്ടികൾ ഇപ്പോഴാണ് എല്ലാം മറന്നു തുടങ്ങിയതെന്നും കലയിലൂടെ അവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനാണ് തങ്ങൾ ശ്രമിച്ചതെന്ന് ഉണ്ണി മാഷ് കൂട്ടിച്ചേർത്തു.
മലയാളികൾ തങ്ങളുടെ കൂടെയുണ്ട് എന്നതിന്റെ തെളിവാണ് ഈ നാടകത്തിനു കിട്ടിയ സ്വീകാര്യതയെന്നു നാടകത്തിൽ അഭിനയിച്ച കുട്ടികൾ പറഞ്ഞു.