തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം: മുഖ്യമന്ത്രി
1493456
Wednesday, January 8, 2025 5:51 AM IST
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ് ) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാകണം. യുനെസ്കോയ്ക്ക് ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന ഒരു പദ്ധതിയുണ്ട്.
ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുണൈറ്റഡ് നേഷൻസിന്റെ പുസ്തക തലസ്ഥാനം 'വേൾഡ് ബുക്ക് ക്യാപിറ്റൽ' എന്ന പദവിക്ക് അർഹതയുണ്ടെങ്കിൽ ആദ്യം പരിഗണനയ്ക്ക് വരേണ്ടത് കേരളത്തിന്റെ നഗരങ്ങളാണ്.
യുഎൻ രൂപീകൃതമായ 1945ൽതന്നെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരാണ് നമ്മൾ. എം പി പോൾ എസ് പി സി എസ് രജിസ്റ്റർ ചെയ്യുന്നതും അന്നാണ്. നാഷണൽ ബുക് സ്റ്റാൾ തുറക്കുന്നതും അന്നാണ്. യുഎന്നിന്റെ സമാരംഭത്തിൽ അക്ഷരവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രസ്ഥാനങ്ങൾ ആഘോഷപൂർവ്വം ആരംഭിച്ച ഈ കേരളത്തിന്റെ തലസ്ഥാനത്തിനു തന്നെയാണ് യുനെസ്കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ പദവി കിട്ടേണ്ടത്.
അത് നേടിയെടുക്കുമെന്ന പ്രതിജ്ഞയോടെയാവണം ഈ അക്ഷരോത്സവത്തിന്റെ സമാരംഭം. പുസ്തകോത്സവ തലസ്ഥാനമാകാനുള്ള സർവയോഗ്യതയുമുള്ള തിരുവനന്തപുരം ലോക സാഹിത്യ ഉത്സവ ഭൂപടത്തിൽ അടയാളപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം. മുകുന്ദന് ഇത്തവണത്തെ നിയമസഭാ പുരസ്ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം. മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ പുരസ്കാരം സമ്മാനിച്ചു. സാംസ്കാരിക മേഖലയിലെ അധിനിവേശങ്ങൾക്കും അരാജകചിന്തകൾക്കുമെതിരായ ചെറുത്തു നിൽപ്പാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് അധ്യക്ഷനായിരുന്ന സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.
സംസ്കാര ഭാഷാ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിൽ രാജ്യത്തിന് മാതൃകയായ കേരളം അറിവിന്റെയും പുരോഗതിയുടേയും അഗോളമുദ്രയാണെന്ന് മുഖ്യാതിഥിയായിരുന്ന കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ് പറഞ്ഞു. തലമുറകളെ വായനയിലേക്ക് നയിച്ച എം. മുകുന്ദനെ നിയമസഭാ അവാർഡ് നേടിയതിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഭിനന്ദിച്ചു.ലഭിച്ച പുരസ്കാരങ്ങളിൽ താൻ ഏറ്റവും വിലമതിക്കുന്നത് നിയമസഭാ പുരസ്കാരമെന്ന് മറുപടി പ്രസംഗത്തിൽ എം മുകുന്ദൻ പറഞ്ഞു.
അറുപതു വർഷത്തോളം എഴുതിയതിനാണ് തനിക്ക് വാർധക്യം ബാധിച്ചത്. എഴുത്തുയാത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവ്ദത്ത് പട്നായിക്ക് പ്രകാശനം ചെയ്തു. ഡോ.മൻമോഹൻ സിംഗിനും എം ടി വാസുദേവൻ നായർക്കും അനുശോചനം അർപ്പിച്ച് ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിച്ചു.
മന്ത്രിമാരായ കെ. ബി. ഗണേഷ് കുമാർ, ജി. ആർ. അനിൽ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ നന്ദി പറഞ്ഞു.