അഭിമാനമായി കാടിന്റെ മകന്റെ നാടകം
1493482
Wednesday, January 8, 2025 6:09 AM IST
കാടു നശിപ്പിക്കുന്നവർക്കെതിരേയുള്ള നാടകവുമായി കാടിന്റെ മകൻ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ അംഗമായ മലമ്പണ്ടാരം ഗോത്രവിഭാഗത്തിൽപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി സുഭീഷാണ് കലോത്സവ ചരിത്രത്തിന്റെ ഭാഗമായെത്തിയത്.
സർക്കാർ കണക്കനുസരിച്ച് വളരെ കുറച്ച് ആളുകൾ മാത്രമുള്ള ഈ വിഭാഗത്തിൽ നിന്ന് ഒരു വിദ്യാർഥി ആദ്യമായാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തിയത്. പ്രകൃതി സംരക്ഷണത്തിന്റെ കഥ പറയുന്ന സൈറൺ എന്ന നാടകമാണ് സുഭീഷും സംഘവും ഇന്നലെ ടാഗോർ തീയറ്ററിൽ അവതരിപ്പിച്ചത്. നാടക അവതരണത്തിനുശേഷം വൈകുന്ന േരം നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ വി. ശിവൻ കുട്ടിയും ജി.ആർ. അനിലും ചേർന്നു സുഭീഷിനെയും സംഘത്തെയും ആദരിച്ചു.
പത്തനംതിട്ട വടശേരിക്കര എംആർഎസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് സുഭീഷ്. ഗോത്രാചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്ന മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ടവർ വനത്തിനുള്ളിൽ അലഞ്ഞുതിരിഞ്ഞാണു ജീവിക്കുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വനമേഖലകളിലാണ് ഇവർ വസിക്കുന്നത്.
നിലവിൽ പത്തനംതിട്ട ജില്ലയിലെ ളാഹ വനമേഖലയിൽ താമസിക്കുന്ന മോഹനന്റെ യും സുമിത്രയുടേയും ഒൻപതു മക്കളിൽ മൂത്തയാളാണ് സുഭീഷ്. പലപ്പോഴും സ്കൂൾ വിദ്യാഭ്യാസം നിർത്തിപ്പോയ സുഭീഷിനെ ഗോത്രവിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ തീവ്രശ്രമങ്ങളുടെ ഭാഗമായി തിരികെ എത്തിക്കാനായിട്ടുണ്ട്.
ഈ വർഷം ഗോത്രവിഭാഗങ്ങളുടെ തനതു കലകൾ അടക്കമുള്ളവ കലോത്സവത്തിന്റെ ഭാഗമാക്കിയ വിദ്യാഭ്യാസ വകുപ്പിന് അഭിമാനകരമായ അരങ്ങേറ്റം കൂടിയായി സുഭീഷിന്റെ നാടക അവതരണം.