വേദനകൾക്കപ്പുറം അരുണിമ മുറുകെ പിടിച്ചു, കലയുടെ കൈ
1493477
Wednesday, January 8, 2025 6:09 AM IST
തിരുവനന്തപുരം: പരമ്പരാഗത നൃത്തരൂപമായ ഇരുള നൃത്തം കലോത്സവ വേദിയിൽ ആദ്യമായി അവതരിപ്പിച്ചതിന്റെ സന്തോഷത്തിലാണ് പട്ടം ഗവ. ഗേൾസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ അരുണിമ. അച്ഛന്റെയും അമ്മയുടെയും മരണശേഷം അരുണിമ തൈക്കാട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണുള്ളത്.
കലയുടെ കൂട്ടായി വേദനകൾക്കപ്പുറം പുതിയ പ്രതീക്ഷ നിറച്ച് നൃത്തം അവതരിപ്പിച്ചപ്പോൾ അത് അരുണിമയുടെ ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി മാറി.കുട്ടികളുടെ കലാവാസന തിരിച്ചറിയാനായി ശിശുക്ഷേമ സമിതി നടത്തിയ പ്രകടനങ്ങളിൽ നിന്നാണ് അരുണിമയെ തെരഞ്ഞെടുത്തത്. തുടർന്ന് നാടോടിനൃത്തം പഠിച്ച് ജില്ലാകലോത്സവത്തിൽ സമ്മാനം നേടി.
ഇരുളനൃത്തത്തിന്റെ ഈരടികൾ അത്രമേൽ പ്രിയമാണ് അരുണിമയ്ക്ക്. കൂടാതെ കലോത്സവ വേദികളിൽ നൃത്ത രൂപം ആദ്യമായി അവതരിപ്പിക്കാനായതിന്റെ കൗതുകവുമുണ്ട്.ശിശുക്ഷേമസമിതി കഴിഞ്ഞ വർഷം മുതലാണ് ആറ് മുതൽ 18 വരെ പ്രായമുള്ള പെൺകുട്ടികളെ പാർപ്പിക്കുന്ന കേന്ദ്രം ആരംഭിക്കുന്നത്. എൽ പി വിഭാഗത്തിലെ കുട്ടികൾ ഗവ. മോഡൽ എച്ച് എസ് എസിലും മറ്റു കുട്ടികൾ പട്ടം ഗവ. ഗേൾസ് എച്ച് എസ് എസിലുമാണ് പഠിക്കുന്നത്.