സംസ്ഥാന സ്കൂൾ കലോത്സവം: എന്തരോ എന്തോ...
1493202
Tuesday, January 7, 2025 6:01 AM IST
25 വേദികളിലെ രാപകൽ നീളുന്ന കലകളുടെ ഇടിവെട്ട് പ്രകടനം, മത്സരങ്ങൾ നടക്കുന്ന സ്കൂളുകൾക്ക് അവധി, പഴയിടത്തിന്റെ രൂചിയേറും സദ്യ, ബസുകളെപോലും നിയന്ത്രിച്ച് തുറന്നിട്ട കിഴക്കേകോട്ട, വിശാലമായ ആന്പിയൻസൊരുക്കുന്ന ടാഗോർ തിയറ്റർ, മാധ്യമപട നിരന്ന സെൻട്രൽ സ്റ്റേഡിയം, ഒരുവേദിയിൽനിന്ന് മറ്റൊന്നിലേക്ക് കലോത്സവപ്രതിനിധികളുമായി പായുന്ന കെഎസ്ആർടിസി ബസുകൾ, ചുളുവിൽ കലാസ്വാദനത്തിൽനിന്ന് അവധിയെടുത്ത് കോവളം, ശംഖുമുഖം, വേളി എന്നിവടങ്ങളിൽ ചുറ്റിയടിക്കുന്നവർ.... തിരുവനന്തപുരം കലയുടെ പിടിയിൽനിന്ന് വേർപ്പെടാൻ ഇനി രണ്ടുനാൾ...
നാടകങ്ങളിൽ വൈവിധ്യങ്ങളുടെ അയ്യര്‍ കളി
തിരുവനന്തപുരം: ചരിത്രവും രാഷ്ട്രീയവും സമകാലീന സംഭവങ്ങളും നിറഞ്ഞു നിന്ന പ്രമേയങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എച്ച്എസ്എസ് വിഭാഗം നാടക മത്സരങ്ങൾ. നാടിറങ്ങുന്ന കാട്ടാനകൾ, ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയ്, ഗുസ്തി താരം വിനേഷ് ഫഗോട്ട്, അയ്യങ്കാളി പട എന്നിങ്ങനെ വ്യത്യസ്തവും പ്രസക്തവുമായ കഥാപാത്രങ്ങളുമായി എത്തിയ മികവാർന്ന നാടകങ്ങൾക്കാണ് കലോത്സവ വേദിയായ ടാഗോർ തിയറ്റർ സാക്ഷ്യം വഹിച്ചത്.
നിറഞ്ഞു കവിഞ്ഞ സദസിനു മുന്നിൽ മാറ്റുരച്ച ഓരോ അഭിനയ മികവിനും കൈയടി ഉയർന്നു കൊണ്ടേയിരുന്നു. രാവിലെ തുടങ്ങിയ മത്സരം രാത്രിയിലേക്കു നീണ്ടിട്ടും ഒഴിയുന്ന കസേരകൾ നിമിഷ നേരം കൊണ്ട് നിറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയി എന്ന ശുചീകരണ തൊഴിലാളിയുടെ കഥ പറഞ്ഞ "കക്കൂസ് ’ എന്ന നാടകം ശുചീകരണ തൊഴിലാളികൾ നേരിടുന്ന അടിച്ചമർത്തലും അരികുവത്കരണവുമാണ് ചർച്ച ചെയ്തത്.
മത്സരത്തിൽ എ ഗ്രേഡും നാടകം നേടി.നാടേറുന്ന കാട്ടാനകളുടെ കഥ പറഞ്ഞ "ഏറ്റം ’ വനനശീകരണവും വന്യ മൃഗങ്ങൾ നേരിടുന്ന ചൂഷണങ്ങളും സ്റ്റേജിൽ അവതരിപ്പിച്ചു. നാടകത്തിന് എ ഗ്രേഡും ലഭിച്ചു. ഒളിമ്പ്യൻ വിനേഷ് ഫഗോട്ട് കഥാപാത്രമായി എത്തിയ ഫൈറ്റർ എന്ന നാടകം, പോരാട്ട വീര്യത്തിന്റെയും സാമൂഹ അടിച്ചമർത്തലുകളുടെയും കഥ പറഞ്ഞു. അയ്യങ്കാളി പടയുടേയും അതിന് നേതൃത്വം നൽകിയ നാലംഗ സംഘത്തിന്റെയും കഥ പറഞ്ഞ കയം കേരളത്തിന്റെ സമര ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായി മാറി.
ഉജ്ജ്വല ബാല്യവും കടന്ന് സിനാഷയുടെ ഭാവന
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാര ജേതാവും ചെറുപ്രായത്തിലേ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തങ്ങളും എഴുതി ശ്രദ്ധേയയുമായ കാസർഗോഡുകാരി സിനാഷ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ രചനാ മത്സരങ്ങളിലും നേട്ടം കൊയ്യുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായാണ് കാസർഗോഡ് കാഞ്ഞങ്ങോട് ബല്ല ഈസ്റ്റ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സിനാഷ മത്സരിക്കുന്നത്.
ഇന്നലെ നടന്ന മലയാളം കഥാരചന, കവിതാരചന മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. രചനാ മത്സരങ്ങൾ നടക്കുന്ന കടലുണ്ടിപ്പുഴ വേദിയിൽ ഇന്ന് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കഥാരചന വിഭാഗത്തിലും മത്സരിച്ചിട്ടുണ്ട്. കലോത്സവ വേദിയിൽ ആദ്യമായിട്ടാണെങ്കില്ലും ചെറുപ്രായത്തിൽ തന്നെ നിരവധി പുസ്തകങ്ങൾ രചിക്കുകയും, പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട് സിനാഷ.
ഇംഗ്ലീഷിൽ ദി മിസ്റ്റീരിയസ് ഫോറസ്റ്റ്, സോങ് ഓഫ് ദി റിവർ, എ ഗേൾ ആൻഡ് ദി ടൈഗേഴ്സ് എന്നിവയാണ് സിനാഷയുടെ കൃതികൾ. പൂവണിയുന്ന ഇലച്ചാർത്തുകൾ,കടലിന്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും, ചെമ്പനീർപ്പൂക്കൾ, കാടും കനവും, പച്ച നിറമുള്ളവൾ എന്നിവയാണ് മലയാളത്തിൽ എഴുതിയ പ്രധാന കൃതികൾ. 2020ൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ സിനാഷ കോമൺ വെൽത്ത് സൊസൈറ്റി പുരസ്കാരം 2021,എൻ എൻ കക്കാട് പുരസ്കാരം ,മാധ്യമ കഥ പുരസ്കാരം, മഹാകവി ഉള്ളൂർ സ്മാരക കവിത പുരസ്കാരം 2022 എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. ചെറുപ്പത്തിലെ തന്നെ എഴുത്തിനോടുള്ള ഇഷ്ടവും അഭിരുചിയുമാണ് തന്നെ കലോത്സവ വേദിയിൽ എത്തിച്ചതെന്നും മാതാപിതാക്കൾ തന്നെയാണ് തന്റെ ഏറ്റവും വലിയ പ്രചോദനം എന്നും സിനാഷ പറയുന്നു.
അച്ഛന്റെ ശബ്ദാനുകരണ പാഠം; മകനു മിമിക്രിയിൽ മിന്നും വിജയം
തിരുവനന്തപുരം: അച്ഛന്റെ ശിക്ഷണത്തിൽ തുടർച്ചയായി മൂന്നാംതവണയും ശബ്ദാനുകരണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ ശിവജിത്ത് ശിവൻ.
എല്ലാവരും പതിവു ശബ്ദങ്ങൾ അനുകരിച്ചപ്പോൾ കുഞ്ഞിന്റെ കരച്ചിലും അമ്മയുടെ താരാട്ടുപാട്ടു കേട്ട് കരച്ചിൽ പതിയെ നിർത്തിയുറങ്ങുന്ന കുഞ്ഞിന്റെ ശബ്ദവും ഓമനതിങ്കൾ കിടാവോ.. എന്ന ടൈറ്റിലിൽ അവതരിപ്പിച്ചാണ് ശിവജിത്ത് കാണികളുടെ കൈയടി നേടിയത്.
പഴയ കാലത്തെയും പുതിയ കാലത്തെയും പ്രകൃതിയിലെ ശബ്ദങ്ങളും ശിവജിത്തിന്റെ മാസ് ഐറ്റമായിരുന്നു. പഴയകാലത്ത് പ്രഭാതങ്ങളിൽ സുപ്രഭാതം കേട്ടിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രഭാതം ഡിജെയാണെന്നും കുതിരസവാരിയുടെ കുളന്പടിക്കും പകരം ബൈക്ക് റൈസിംഗ് ശബ്ദവും ചുറ്റികയുടെ ശബ്ദത്തിനു പകരം ഡ്രില്ലിംഗ് മെഷീന്റെശബ്ദവുമാണെന്നു ശബ്ദാനുകരണത്തിലൂടെ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടി. കലാകാരനായ ശിവൻ ഭാവനയുടെയും അശ്വതിയുടെയും മകനാണ് ശിവജിത്ത്.
ചെറുപ്പം മുതലേ ശബ്ദാനുകരണത്തിൽ കന്പമുണ്ടായിരുന്നു അച്ഛൻ ശിവൻ ഭാവനയുടെ പ്രോത്സാഹവനും പരിശീലനും കൂടിയായപ്പോൾ രണ്ടാം ക്ലാസ് മുതൽ മുതൽ നാലു വരെ ഉപജില്ലയിലും അഞ്ചു മുതൽ ഏഴു വരെ ജില്ലയിലു മിമിക്രിയിൽ ജേതാവായി. കഴിഞ്ഞ രണ്ടു വർഷഥമായി സംസ്ഥാന മേളയിൽ ഏ ഗ്രേഡ് നേടുന്നു.
ശ്രീയ ചുവടുവച്ചു, ചൂരൽമലയിലേക്ക്
തിരുവനന്തപുരം: ചെന്ത്രാപ്പിന്നി ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥിനി ശ്രീയ ശരത് അവതരിപ്പിച്ച നാടോടി നൃത്തത്തിന് ഒരു പ്രത്യേകതയുണ്ട്. ചൂരൽമലയുടെ ദുരന്തം ഹൃദയത്തിൽ ഉൾക്കൊണ്ടാണ് ശ്രീയ നൃത്തം വച്ചത്. ചൂരൽമല പ്രമേയമാക്കിയപ്പോൾ തന്നെ അവിടം സന്ദർശിക്കണമെന്ന് ശ്രീയ നിശ്ചയിച്ചു.
ദുരന്തഭൂമിയിൽ നേരിട്ടെത്തി അതിന്റെ തീവ്രത മനസിലാക്കി. ചൂരൽമല നിവാസികൾ അനുഭവിച്ച ദുരന്തത്തിന്റെ വേദന ഹൃദയത്തിലേറ്റി. അത് നൃത്തത്തെ ഏറെ സഹായിച്ചെന്ന് ശ്രീയ പറഞ്ഞു. കലോത്സവ ഉദ്ഘാടന ചടങ്ങിൽ വെള്ളാർമല സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം ചിട്ടപ്പെടുത്തിയ ജ്യോതിഷ് തെക്കേടത്താണ് വരികൾ ചിട്ടപ്പെടുത്തിയത്. അരുൺരാജാണ് സംഗീതം. അരുൺ നമ്പലത്താണ് നൃത്തസംവിധാനം നിർവഹിച്ചത്.
"തന്ത വൈബ് ' തോറ്റു,ആലിയ കൂള്‍ !
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ "ജെന്‍-സി' യൂത്ത് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ രംഗത്തവതരിപ്പിക്കുമ്പോള്‍ അറ്റ്ലീസ്റ്റ് ഒരു കൂളിംഗ് ഗ്ലാസെങ്കിലും വേണ്ടേ...സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ് സ്വന്തമാക്കിയ ആലിയയുടേതാണ് ചോദ്യം. കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ല കലോത്സവത്തില്‍ ഇതേ മോണോ ആക്ട് അവതരിപ്പിച്ചപ്പോള്‍ കൂളിംഗ് ഗ്ലാസ് ഉപയോഗിച്ചെന്ന് ആരോപിച്ച് ആലിയയ്ക്ക് മൂന്നാം സ്ഥാനമായിരുന്നു വിധികര്‍ത്താക്കള്‍ നല്‍കിയത്. അന്ന് അവിടെ വച്ച് ആലിയ ഒരു ശപഥം ചെയ്തു.
സംസ്ഥാന കലോത്സവത്തില്‍ ഇതേ മോണോ ആക്ട് അവതരിപ്പിക്കും...കൂളിംഗ് ഗ്ലാസും വയ്ക്കും..എ ഗ്രേഡും തൂക്കും... ആ ശപഥം ഇന്നലെ വിജയകരമായി നിറവേറ്റപ്പെട്ടതോടെ പറവൂര്‍ നോര്‍ത്ത് എസ്എന്‍എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ആലിയ ഇപ്പോള്‍ കൂളാണ്... ഒപ്പം അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാനായതിന്റെ സന്തോഷം വേറെ; സംസ്ഥാന സ്കൂള്‍ കലോത്സവവേദിയില്‍ ചിലങ്ക അണിയുകയെന്നത് ആലിയയുടെ അമ്മ അമ്പിളിയുടെ ചെറുപ്പകാലം മുതലുള്ള ആഗ്രഹമായിരുന്നു.
എറണാകുളം ജില്ല കലോത്സവത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനവും നേടിയെങ്കിലും സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ യാഥാസ്ഥിക ചിന്താഗതിക്കാരായ മാതാപിതാക്കള്‍ അനുവദിച്ചില്ല. അമ്മ ഇതു പറയുമ്പോള്‍ "തന്ത വൈബ്' കാരണം പണികിട്ടിയെന്ന് പറഞ്ഞ് ആലിയ ചിരിച്ചു. എച്ച്എസ്എസ് വിഭാഗം പെണ്‍കുട്ടികളുടെ മോണാ ആക്ട് മത്സരത്തില്‍ മകള്‍ എന്‍.കെ ആലിയ എ ഗ്രേഡ് നേടിയപ്പോള്‍ അങ്ങനെ അമ്മ അമ്പിളിയും താരമായി.
കാരുണ്യത്തിന്റെ കടലായി ദഫ്
തിരുവനന്തപുരം: മലപ്പുറം കോട്ടുക്കരയിൽ നിന്ന് തലസ്ഥാനത്തെ കലോത്സവേദിയിലേക്കുള്ള പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ ദഫ് മുട്ട് സംഘത്തിന്റെ യാത്രയിൽ കാരുണ്യത്തിന്റെ വൻകടലാണ്. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച ഇവരുടെ സുഹൃത്ത് മുണ്ടക്കുളം സ്വദേശി ശാമിലിന്റെ ചികിത്സയ്ക്കായി സ്കൂൾ വിദ്യാർഥികൾ പിരിച്ചെടുത്തത് 11 ലക്ഷം രൂപയാണ്.
മൂന്നുകോടി രൂപയാണ് ചികിത്സയ്ക്കായി വേണ്ടത്. തുടക്കത്തിൽ പല സ്ഥലങ്ങളിലും പരിപാടികളിലും ദഫ്മുട്ട് അവതരിപ്പിച്ചാണ് കൂട്ടുകാരന്റെ ചികിത്സയ്ക്കായി പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ധനം സമാഹരിച്ചു തുടങ്ങിയത്. മാതാപിതാക്കളും നാട്ടിലെ വ്യാപാര സ്ഥാപനങ്ങളും പ്രദേശവാസികളും ചേർന്ന് സഹായ ഹസ്തം നീട്ടിയപ്പോൾ 11, 111, 11 രൂപയാണ് പിരിഞ്ഞു കിട്ടിയത്.
അച്ഛനാരാ മോന് !
ഡി. ദിലീപ്
തിരുവനന്തപുരം: മേസ്തിരിപ്പണിക്കിടെ അച്ഛനൊരുക്കിയ തിരക്കഥയ്ക്ക് അഭിനയ ഭാഷ്യമൊരുക്കിയ വിഷ്ണുവിന് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡ്. സംഭവം പൊളിയാണ്... ആമ്പൂരി സെന്റ് തോമസ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവിന് കലോത്സവത്തില്‍ മത്സരിക്കാന്‍ മോഹം. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി പഠിപ്പിക്കാന്‍ മേസ്തിരിപ്പണിക്കാരനായ അച്ഛന്റെ കൈയില്‍ കാശില്ല.
പിന്നെയെന്താണ് പോംവഴി, മകന് വിഷ്ണുവും അച്ഛന് ഷിബുവും തല പുകഞ്ഞാലോചിച്ചു. ആവശ്യം സൃഷ്ടിയുടെ മാതാവായി. അത്യാവശ്യം അനുകരണ വാസനയും അതിലേറെ അനുസരണ ശീലവുമുള്ള മകന് 'മോണോ ആക്ട്' പഠിക്കുക. സമൂഹ മാധ്യങ്ങളുടെ സഹായത്തോടെ ഇരുവരും ചേര്‍ന്ന് ഒരു സ്ക്രിപ്റ്റ് തയാറാക്കി. ആദ്യം അച്ഛന് പഠിച്ചു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം രാത്രി മകനെ പഠിപ്പിച്ചു.
പകല്‍ അച്ഛന് ജോലിക്ക് പോകുമ്പോള്‍ കണ്ണാടിയില്‍ നോക്കി വിഷ്ണു സ്വയം പരിശീലിച്ചു. ആത്മവിശ്വാസം സബ്ജില്ലയും, ജില്ലയും കടന്ന് സംസ്ഥാ വേദിയില്‍. അപ്പോഴും വന്നു വെല്ലുവിളി. അതിരാവിലെ അമ്പൂരിയില്‍ നിന്നും പുറപ്പെടണം. ട്രാഫിക്ക് ബ്ലോക്ക് തുടങ്ങും മുന്‍പ് പട്ടം ഗവ.ഗേള്‍സ് എച്ച്എസ്എസിലെ മോണോ ആക്ട് വേദിയിലെത്തണം. ബസ് പിടിച്ചാല്‍ നടക്കില്ല. സ്വന്തമായി ഓട്ടോറിക്ഷയുള്ള കാറ്ററിംഗ് സര്‍വീസ് നടത്തുന്ന സുഹൃത്തായ റീജനോട് കാര്യം പറഞ്ഞു. ഇന്നലെ റീജനും ജോലിക്ക് അവധി കൊടുത്തു.
അതിരാവിലെ എല്ലാവരും കലോത്സവത്തിനായി പുറപ്പെട്ടു, നേരത്തെ സ്ഥലത്തെത്തി. ഊഴമെത്തിയപ്പോള്‍ മിന്നും പ്രകടനത്തിലൂടെ വിഷ്ണു എ ഗ്രേഡ് നേടുന്നത് അച്ഛന് ഷിബുവും അമ്മ നിഷയും അനുജത്തി വൈഷ്ണവിയും ഒരുമിച്ചിരുന്നു കണ്ടു. മത്സരമവസാനിച്ചപ്പോള്‍ വേദിയില്‍ നിറഞ്ഞ കയ്യടികള്‍ അച്ഛനുള്ള എ ഗ്രേഡായി. മകന് മികച്ച നടനെന്ന് മത്സരം കണ്ട അച്ഛന്. അച്ഛനാണ് താന്‍ കണ്ട മികച്ച നടനെന്ന് മകന്!. മത്സരശേഷം പഴയിടം രുചിയും നുകര്‍ന്ന് ട്രോഫിയും വാങ്ങിയാണ് വിഷ്ണുവും കുടുംബവും മടങ്ങിയത്.
ഇന്ന് അമ്പൂരി സെന്റ് തോമസ് സ്കൂളിന്റെ വാര്‍ഷികമാണ്. ഗംഭീര പരിപാടിയുണ്ട്. പരിപാടയില്‍ സ്കൂളില്‍ നിന്ന് ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ മോണോ ആക്ടില്‍ സമ്മാനം നേടിയ വിഷ്ണുവിനെ അധ്യാപകര്‍ അനുമോദിക്കും. സംഭവം
കളറല്ലേ...എന്നാല്‍ കൈയ്യടിക്ക്.