കൂടില്ലാവീട് പുനരുദ്ധാരണം: ധാരണാപത്രം ഒപ്പിട്ടു
1493473
Wednesday, January 8, 2025 5:58 AM IST
നെയ്യാറ്റിന്‍കര: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ മാതൃഗൃഹമായ അതിയന്നൂര്‍ പഞ്ചായത്തിലെ അരങ്കമുകളിലെ കൂടില്ലാ വീട് പുനരുദ്ധരിക്കാന്‍ പ്രാഥമിക നടപടിയായി.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഉടമസ്ഥതയിലുള്ള കൂടില്ലാവീടിന് പുതിയ മുഖം നല്‍കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രസ് ക്ലബിനോടൊപ്പം സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസ് ക്ലബ് നെയ്യാറ്റിന്‍കരയും ഗാന്ധിമിത്രമണ്ഡലവും പങ്കാളികളാകും.
ഇതുസംബന്ധിച്ച ധാരണാ പത്രം പ്രസ് ക്ലബ് ഭാരവാഹികളില്‍ നിന്നും സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം, ഗാന്ധിമിത്ര മണ്ഡലം എന്നിവയുടെ ഭാരവാഹികള്‍ ഏറ്റുവാങ്ങി. സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ ആരല്വായ്മൊഴിയില് നിന്നും നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്കിലേയ്ക്ക് സംഘടിപ്പിച്ച അക്ഷരജ്വാലാ പ്രയാണത്തിന്റെ സമാപന സമ്മേളനത്തിലാണ് കൂടില്ലാ വീട് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഭാരവാഹികള്‍ അറിയിച്ചത്.
ഗാന്ധി സ്മാരക നിധി ചെയര്മാന് ഡോ. എന്‍. രാധാകൃഷ്ണന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് മുഖ്യപ്രഭാഷണം നടത്തി.
തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീൺ, സെക്രട്ടറി എം. രാധാകൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിൻ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്ത്, ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്,
സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് അജി ബുധന്നൂർ, സെക്രട്ടറി സജിലാൽനായർ, ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻനായർ, ഫ്രാൻ രക്ഷാധികാരി എന്‍.ആര്.സി നായർ, മാധ്യമപ്രവര്ത്തകന് എ.പി ജിനൻ എന്നിവർ പങ്കെടുത്തു.