തുടക്കത്തിലേ പാളി... കഴക്കൂട്ടം കാരോട് ബൈപ്പാസ് വഴി കെഎസ്ആർടിസി സർവീസ് നഷ്ടമെന്ന്
1493462
Wednesday, January 8, 2025 5:51 AM IST
വിഴിഞ്ഞം: ലക്ഷ്യം പിഴിച്ചു, കഴക്കൂട്ടം കാരോട് ബൈപ്പാസ് വഴി വെഞ്ഞാറ് മുട്ടിലേക് സർവീസ് നടത്താൻ ആകെയുള്ളത് നാല് കെഎസ്ആർടിസി ബസുകൾ മാത്രം. ഓടുന്നതും വൻ നഷ്ടത്തിലും. കൂടുതൽ ഷെഡ്യൂളുകൾ ഒരുക്കി യാത്രക്കാരെ കൈയ്യിലെടുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം തുടക്കത്തിലേ പാളി.
നെയ്യാറ്റിൻകര, പാറശാല , പൂവാർ , വിഴിഞ്ഞം ഡിപ്പോകളിൽ നിന്ന് നാല് ബസുകളുമായി നവംബർ16 നാണ് സർവീസിന് തുടക്കം കുറിച്ചത്. എട്ട് ബസുകളുമായി ആരംഭം കുറിക്കുമെന്ന് നേരത്തെ കൊട്ടിഘോഷിച്ചെങ്കിലും ഉദ്ഘാടന ദിവസം നാല് ബസുകളിൽ ഒതുക്കി.
ഒരാഴ്ചക്കുള്ളിൽ കൂടുതൽ സർവീസുകൾ തുടങ്ങുമെന്നറിയിച്ച അധികൃതർക്ക് പിന്നെ വാക്ക് പാലിക്കാനുമായില്ല. മറ്റ് റോഡുകളിൽ നിന്ന് മാറി ഒറ്റതിരിഞ്ഞ് കിടക്കുന്ന ബൈപ്പാസിലൂടെ വല്ലപ്പോഴും എത്തുന്ന ബസുകളെ വിശ്വാസത്തിലെടുക്കാൻ യാത്രക്കാർക്ക് കഴിയാതെ വന്നത് വരുമാനത്തെ സാരമായി ബാധിച്ചതായാണറിവ്.
കളിയിക്കാവിളയിൽ നിന്ന് പാറശാല , ചെങ്കവിള വഴി ബൈപ്പാസിലൂടെ രാവിലെ മുതൽ വൈകുന്നേരം വരെ ഓടിയാലും ശരാശരി പതിനയ്യായിരത്തോളം വരെയാണ് കളക്ഷൻ. ഡീസലിന് മാത്രം തികയുമെങ്കിലും മെയിന്റനൻസിനും, ജീവനക്കാരുടെ ശമ്പളത്തിനും വേറെ പണം കണ്ടെത്തണം.
പുലർച്ചെ 5.30 ന് കളിയിക്കാവിളയിൽ നിന്ന് ആരംഭിക്കുന്ന തരത്തിലാണ് ഷെഡ്യൂളുകൾ ക്രമപ്പെടുത്തിയത്. നഷ്ടം കൂടിയതോടെ വിഴിഞ്ഞം ഡിപ്പോയിൽ നിന്നുള്ള ബസ് പാറശാല ഡിപ്പോയിൽ നിന്നാണ് സർവീസ് തുടരുന്നത്. 60 കിലോമീറ്റർദൂരം രണ്ട് മണിക്കൂറും പത്ത് മിനിറ്റും കൊണ്ട് ഓടിയെത്തുമെന്ന പ്രചരണത്തിൽ വിശ്വസിച്ച് എത്തിയ പലരും ബസ് കാത്ത് നിന്ന് പെട്ടു പോയി.
കാരോട് മുതൽ കോവളം വരെയുള്ള ബൈപ്പാസ് മറ്റ് റോഡുകളിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് . ഒരു ബസ് നഷ്ടമായാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ മറ്റ് മാർഗവുമില്ലെന്ന യാത്രക്കാരുടെ തിരിച്ചറിവാണ് വരുമാനത്തിൽ തിരിച്ചടിയായത്.
കടുത്ത ചൂടും കൊടുമഴയും സഹിച്ച് വാഹനത്തിരക്കുള്ള റോഡുവക്കിൽ കൂടുതൽ സമയം ബസ് കാത്ത് നിൽക്കുന്നതിനുള്ള ബുദ്ധിമുട്ടും യാത്രക്കാരെ അകറ്റുന്നതിന് വഴിതെളിച്ചു