വഴയില-പഴകുറ്റി നാലുവരിപ്പാത വികസനം : ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാരതുക ജില്ലാ കളക്ടർക്കു കൈമാറി
1493472
Wednesday, January 8, 2025 5:58 AM IST
നെടുമങ്ങാട് : വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ രണ്ടാം റീച്ചായ കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് വരെയുള്ള ഭൂമി വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാര തുകയായ 284.18 കോടി രൂപ മന്ത്രി ജി.ആർ. അനിൽ ജില്ലാ കളക്ടർ അനു കുമാരിക്കു കൈമാറി.
ജി. സ്റ്റീഫൻ എംഎൽഎ, എഡിഎം ടി.കെ. വിനീത്, അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതിൽ മന്ത്രിയുടെ പിന്തുണ പ്രശംസനീയമാണെന്ന് ജി.സ്റ്റീഫൻ എംഎൽഎ അഭിപ്രായപ്പെട്ടു.
ഈ റീച്ചിൽ 312 കുടുംബങ്ങളിൽ നിന്നായി 11.9 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്, 80 പേർക്ക് പൂർണമായി വീടുകൾ നഷ്ടപ്പെടുകയാണ്. ഇവർക്ക് മതിയായ നഷ്ടപരിഹാര തുക ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുടെ ആദ്യ റീച്ചിൽ നഷ്ടപരിഹാര തുക വിതരണത്തിനായി 190.57 കോടി ചെലവഴിച്ചിരുന്നു.
പുനരധിവാസ പാക്കേജ് ഇനത്തിൽ അർഹതയ്ക്കനുസരിച്ച് പുറമ്പോക്കിൽ കച്ചവടം നടത്തുന്നവർക്ക് ഉൾപ്പെടെ 30,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെയുള്ള തുകയും നൽകുന്നുണ്ട്.
വഴയില മുതൽ പഴകുറ്റി വരെ 9.5 കിലോമീറ്ററും,
നെടുമങ്ങാട് ടൗണിൽ പഴകുറ്റി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്ന് 11-ാം കല്ല് വരെയുള്ള 1.240 കിലോമീറ്റർ ഉൾപ്പെടെ 11.240 കിലോമീറ്റർ നീളത്തിലാണ് പദ്ധതിയുടെ നിർമാണം. 19 (1) പബ്ലിഷ് ചെയ്ത് അവാർഡ് എൻക്വയറി പൂർത്തിയാക്കി മാർച്ച് 31നകം തുക വിതരണം ചെയ്യുന്ന നടപടികളുമായി മുന്നോട്ടു പോകാൻ മന്ത്രി നിർദേശം നൽകി.
ആദ്യ റീച്ചിലെ കരകുളം ഫ്ലൈഓവർ നിർമാണത്തിന്റെ പൈലിംഗ് വർക്കുകൾ നടന്നുവരികയാണ്. ആകെയുള്ള 48 പൈലുകളിൽ ഒമ്പതെണ്ണം പൂർത്തിയായി.
ഇതോടൊപ്പം ഫൗണ്ടേഷൻ വർക്കുകളും നടന്നു വരികയാണ്. 2025 ഡിസംബർ 31നകം ആദ്യ റീച്ചിന്റെ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.