അപകടഭീഷണിയായി കൂറ്റന്‍ തണല്‍മരം
1493194
Tuesday, January 7, 2025 6:01 AM IST
പേരൂര്‍ക്കട: ജഗതി-ഇടപ്പഴിഞ്ഞി റോഡില്‍ അപകടഭീഷണി സൃഷ്ടിച്ചുകൊണ്ട് കൂറ്റന്‍ തണല്‍മരം. പാതയോരത്ത് സ്ഥിതിചെയ്യുന്ന 30 അടിയോളം ഉയരം വരുന്ന കൂറ്റന്‍ മരത്തിന്റെ ശാഖകളാണ് വാഹനയാത്രികര്‍ക്കും വഴിയാത്രികര്‍ക്കും ഭീഷണി സൃഷ്ടിക്കുന്നത്. നടപ്പാതയുടെ സമീപത്തുനിന്ന് റോഡിലേക്ക് തള്ളിനില്‍ക്കുകയാണ് മരത്തിന്റെ ശിഖരങ്ങള്‍.
കാറ്റടിക്കുന്ന അവസരങ്ങളില്‍ ഉണങ്ങിയ മരക്കമ്പുകള്‍ ഒടിഞ്ഞുവീഴുന്നത് ദിനംപ്രതിയുള്ള കാഴ്ചയാണ്. ഇതു വാഹനങ്ങളുടെ പുറത്തുവീണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കാറുണ്ട്. ശാഖകള്‍ മുറിച്ചുനീക്കണമെന്ന് നിരവധിതവണ വ്യാപാരികളും മറ്റും ആവശ്യപ്പെട്ടിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ഇലക്ട്രിക് ലൈനും കടന്ന് മുകള്‍ഭാഗത്ത് മരത്തിന്റെ ഭൂരിഭാഗം ശാഖകളും സ്ഥിതിചെയ്യുന്നത്. കൂറ്റന്‍ ശാഖകളിലൊന്നെങ്കിലും ഒടിഞ്ഞുവീഴുകയാണെങ്കില് ലൈന്‍കമ്പികള്‍ മുറിഞ്ഞുവീഴും. നൂറുകണക്കിന് വാഹനങ്ങളാണ് റോഡിലൂടെ പോകുന്നത്. മരത്തിന്റെ അപകടാവസ്ഥയിലുള്ള ശിഖരങ്ങള്‍ മുറിച്ചുനീക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.