മോശം കാലാവസ്ഥ; ഇസ്താബൂള്‍ - കൊളംബോ വിമാനം തിരുവനന്തപുരത്തിറക്കി
1493469
Wednesday, January 8, 2025 5:58 AM IST
വലിയതുറ: ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ മോശം കാലാവസ്ഥയെത്തുടര്‍ന്ന് 10 ക്രൂ ഉള്‍പ്പെടെ 299 യാത്രക്കാരുമായി ഇസ്താംബൂളില്‍ നിന്നും കൊളംബോയിലേയ്ക്ക് പുറപ്പെട്ട ടര്‍ക്കിഷ് വിമാനം തിരുവനന്തപുരത്തിറക്കി.
ചൊവ്വാഴ്ച രാവിലെ 6.51 നാണ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനലില്‍ ഇറക്കിയത്. ആറു മണിയോടെ കൊളംബോയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കാലാവസ്ഥ മോശമാണെന്ന അറിയിപ്പ് ലഭിച്ചതോടെ ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം ലാന്‍ഡിംഗിന് അനുമതി ലഭിക്കാതിരുന്നതോടെ തിരുവനന്തപുരത്ത് ഇറങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
10 ക്രൂ ഉള്‍പ്പെടെ 299 പേര് ഉണ്ടായിരുന്ന വിമാനത്തിലെ യാത്രക്കാരേല്ലാം സുരക്ഷിതരാണെന്ന് എയര്‍ പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ എല്ലാം എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതിയേടെ തിരുവനന്തപുരത്തുള്ള ഹോട്ടലുകളിലേയ്ക്ക് മാറ്റിയതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
വിമാനത്തിലെ ജിവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ വിമാനം ചൊവ്വാഴ്ച രാത്രി വൈകിയോ ബുധനാഴ്ച രാവിലെയോ പുറപ്പെടാനാണ് സാധതയുള്ളതെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.