വികസനത്തിന്റെ സ്വാദ് എല്ലാവരും അനുഭവിക്കണം: മുഖ്യമന്ത്രി
1493201
Tuesday, January 7, 2025 6:01 AM IST
തിരുവനന്തപുരം: വികസനത്തിന്റെ സ്വാദ് എല്ലാവരും അനുഭവിക്കണമെന്നും എല്ലാവരുമതിന്റെ രുചിയറിയണമെങ്കിൽ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനമായിരിക്കണം നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ശ്രീകാര്യത്ത് മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീകാര്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട് ആഗ്രഹിക്കുന്നത്. അതോടൊപ്പം തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ലൈറ്റ് മെട്രോ പദ്ധതി.
അത്തരമൊരു പദ്ധതി നടപ്പിലാകുമ്പോൾ അതിൽ ശ്രീകാര്യത്തിന് പ്രധാന പങ്കുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ഏത് പദ്ധതിയായാലും അത് വരാനിരിക്കുന്ന ലൈറ്റ് മെട്രോയെക്കൂടി കണ്ടുകൊണ്ടുള്ളതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
535 മീറ്റർ നീളത്തിലാകും നാലുവരിപ്പാതയുള്ള പാലം നിർമിക്കുക. 7.5 മീറ്ററാണ് വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും. സർവീസ് റോഡിന് ഇരുവശത്തും 1.5 മീറ്റർ വീതിയിൽ ഫുട്പാത്ത് ഉണ്ടാകും. 18 മാസംകൊണ്ട് പണികൾ പൂർത്തിയാക്കും. മന്ത്രിമാരായ കെ .എൻ. ബാലഗോപാൽ, ജി. ആർ. അനിൽ, വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.