അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ച് യുവാവ് മരിച്ചു
1493316
Tuesday, January 7, 2025 10:22 PM IST
ആറ്റിങ്ങൽ: അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ച് യുവാവ് മരിച്ചു. മറ്റൊരു വാഹനത്തിലെ യാത്രക്കാരനും പരുക്ക്. ആലംകോട് ഹൈസ്കൂൾ ജംഗ്ഷനു സമീപം, ജാരിസ് (ദാറുൽ ബൈത്തിൽ) മൻസിലിൽ അഷ്റഫിന്റെ മകൻ ഷംസീർ (37) ആണ് മരിച്ചത്. ഇളമ്പ സുധാമന്ദിരത്തിൽ ഹൈമയുടെ മകൾ അനുപ (24), മാമം ജിവിആർഎംയുപി സ്കൂളിനു സമീപം കുന്നുംപുറത്ത് വീട്ടിൽ രാജേന്ദ്രൻ മകൻ അമ്പാടി (22) എന്നിവർക്കാണ് പരുക്കേറ്റത്.
മാമം സൺ ഓഡിറ്റോറിയത്തിനു സമീപം എൻഎച്ച് റോഡിൽ തിങ്കളാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. മാമം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചാണു റോഡ് മുറിഞ്ഞുകടക്കുകയായിരുന്ന ഷംസീറിനു പരുക്കേറ്റത്. തുടർന്ന് ഇതേ ബൈക്ക് അവനവഞ്ചേരി ഇളമ്പ സുധാമന്ദിരത്തിൽ ഹൈമയുടെ മകൾ അനുപയുടെ ഇരുചക്ര വാഹനത്തിലും ഇടിച്ചു. പരിക്കു പറ്റിയ അനുപ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഷംസീറിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു കാരണമായ പൾസർ മോട്ടോർസൈക്കിൾ ഓടിച്ചുവന്ന അമ്പാടിക്ക് പരിക്കുപറ്റി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്. പൾസർ ബൈക്കിന്റെ അമിത വേഗമാണ് അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.